വിമർശകരെ ശാന്തരാകുവിൻ!! ഇത് വാറുണ്ണിയുടെ 2ആം വരവ്!! 100 ആം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി!!

   

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറാടി തിമർത്ത് ഡേവിഡ് വാർണർ. തന്റെ ഫോമിനേയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്തവർക്ക് ചുട്ട മറുപടി നൽകി ദക്ഷിണാഫ്രിക്കെതിരെ ഒരു കിടിലൻ ഡബിൾ സെഞ്ച്വറിയാണ് വാർണർ മത്സരത്തിൽ നേടിയത്. ഇതോടെ തങ്ങളുടെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി ഡേവിഡ് വാർണർ മാറി. മുൻപ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും തന്റെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയിരുന്നു.

   

മത്സരത്തിലുടനീളം ദക്ഷിണാഫ്രിക്കൻ ബോളിംഗ് നിരയെ അടിച്ചുതകർക്കുന്ന വാർണറെയാണ് കാണാൻ സാധിച്ചത്. തന്റെ നിലവിലെ ഫോമിൽ സംശയം പ്രകടിപ്പിച്ച മുൻ ക്രിക്കറ്റർമാർക്ക് മറുപടി നൽകുന്ന ഷോട്ടുകളായിരുന്നു ഇന്നിംഗ്സിൽ വാർണറിൽ നിന്ന് പിറന്നത്. കേവലം 254 പന്തുകളിൽ നിന്നാണ് വാർണർ 200 റൺസ് നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും രണ്ട് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. റബാഡയും കേശവ് മഹാരാജുമടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരക്കുമേൽ വാർണർ പൂർണമായും സംഹാര താണ്ഡവമാടുകയായിരുന്നു.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ മുൻനിരയെ തകർത്തു തരിപ്പണമാക്കാൻ ഓസ്ട്രേലിയൻ ബോളർമാർക്ക് സാധിച്ചു. മധ്യനിരയുടെ രക്ഷാപ്രവർത്തനം ഫലം കണ്ടതിനാൽ മാത്രമാണ് 189 എന്ന സ്കോറിൽ ദക്ഷിണാഫ്രിക്ക എത്തിയത്.

   

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ ഉസ്മാൻ ഖവാജയെ(1) നേരത്തെ നഷ്ടമായി. മൂന്നാമനായിറങ്ങിയ ലബുഷാനെയും പെട്ടെന്ന് കൂടാരം കയറി. ശേഷം നാലാം വിക്കറ്റിൽ വാർണർ സ്മിത്തിനൊപ്പം ചേർന്ന് ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *