അവർ വരുന്നത് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്ന്!! ഇന്ത്യ പേടിക്കണം അവരെ : ഗംഭീർ

   

2022 ട്വന്റി20 ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾ ആരംഭിച്ചിരിക്കുന്നു. സൂപ്പർ 12ലേക്കുള്ള ക്വാളിഫയർ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം ഒക്ടോബർ 23നാണ് നടക്കുക. പല വിഭാഗങ്ങളിലും ആശങ്കകൾ തുടരുന്ന ഇന്ത്യൻ നിരയെ സംബന്ധിച്ച് ആദ്യ മത്സരങ്ങൾ വളരെ നിർണായകവുമാണ്.സൂപ്പർ 12 സ്റ്റേജിൽ ശ്രീലങ്ക, ഇന്ത്യയുടെ ഗ്രൂപ്പിൽ യോഗ്യത നേടിയാൽ അവർ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏഷ്യാകപ്പിൽ അവരുടെ ഫോമും ഇന്ത്യയെ മലർത്തിയടിച്ച ആത്മവിശ്വാസവും ശ്രീലങ്കയ്ക്ക് ഗുണകരമായി മാറുമെന്നാണ് ഗംഭീറിന്റെ പക്ഷം.

   

ശ്രീലങ്കയാണോ വിൻഡീസാണോ സൂപ്പർ 12ൽ ഇന്ത്യയ്ക്ക് ഭീഷണിയാവുക എന്ന ചോദ്യത്തിന് ഗംഭീർ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. ശ്രീലങ്ക തന്നെയാണ് ഇന്ത്യക്ക് ഭീഷണിയാവുക. കാരണം അവരുടെ വിജയകരമായ ഏഷ്യാകപ്പ് ക്യാമ്പയിൻ തന്നെയാണ്. അവർ കളിക്കുന്ന രീതിയും കൃത്യസമയത്ത് ഫോമിലേക്ക് തിരിച്ചെത്തിയതുമെല്ലാം അവർക്ക് ഗുണകരമാണ്. മാത്രമല്ല ചമീരയും ലഹിരു കുമാരയും ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ശ്രീലങ്കയുടെ ടീം കൂടുതൽ ബാലൻസിൽ എത്തും. അവർ തീർച്ചയായും ഭീഷണിയാവും. മാത്രമല്ല ട്വന്റി20 ലോകകപ്പിൽ അങ്ങേയറ്റം ആത്മവിശ്വാസവും ഉണ്ടാവും. “- ഗംഭീർ പറയുന്നു.

   

നേരത്തെ ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താനും ശ്രീലങ്കൻ ടീം ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി പറയുകയുണ്ടായി. “ശ്രീലങ്കൻ ടീമിന്റെ നിലവാരം വളരെ ഉയർന്ന നിലയിലാണ്. സ്പിൻ ബോളിംഗിലായാലും ബാറ്റിംഗിലായാലും അത് കാണാനാവും. ഇന്ത്യയെ അവർ ഏഷ്യാകപ്പിൽ പരാജയപ്പെടുത്തിയതാണ്. അതിനാൽതന്നെ ഇനി ശ്രീലങ്കയെ നേരിടുമ്പോൾ ഇന്ത്യ കരുതിയിരിക്കണം.”- ഇർഫാൻ പത്താൻ പറഞ്ഞു.

   

വലിയ പ്രതീക്ഷകളൊന്നും തന്നെ ഇല്ലാതെയായിരുന്നു ശ്രീലങ്കൻ ടീം 2022 ഏഷ്യകപ്പിന് എത്തിയത്. എന്നാൽ ടൂർണമെന്റിലെ വമ്പൻമാരായ പാകിസ്താനെയും ഇന്ത്യയും അടിച്ചുതകർത്ത് അവർ ജേതാക്കളായി. ആ പ്രകടനം ലോകകപ്പിലും അവർ ആവർത്തിക്കാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *