ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ട് ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഇത് പ്രവചനങ്ങളുടെ സമയമാണ്. ആരൊക്കെ ലോകകപ്പിന്റെ സെമിഫൈനലിൽ എത്തും, ആരൊക്കെ ഫൈനൽ കാണും, ആര് ചാമ്പ്യന്മാരാകും എന്നതടക്കം പ്രവചനങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഒരുപാട് അട്ടിമറികൾ കണ്ടതിനാൽ ഈ പ്രവചനങ്ങളുടെ പ്രസക്തി ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സേവാഗാണ് ഇപ്പോൾ പുതിയ പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതൊക്കെ ടീമുകൾ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലെത്തുമെന്നും ലോകകപ്പിൽ ഏത് ബാറ്റർ ഏറ്റവുമധികം റൺസ് നേടുമെന്നുമാണ് വീരൂ പറയുന്നത്.
ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ഒരു ടീം ഇന്ത്യയും മറ്റേ ടീം ഓസ്ട്രേലിയയുമാവുമെന്നാണ് സേവാഗ് പറയുന്നത്. “ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്ട്രേലിയയാണ്. അതിനാൽതന്നെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുക എന്നത് മറ്റു ടീമുകളെ സംബന്ധിച്ച് പ്രയാസകരമാവും. അതിനാൽതന്നെ അവർ ഫൈനലിലെത്താൻ സാധ്യതകൾ ഏറെയാണ്.
അവരോടൊപ്പം ഫൈനലിൽ എത്തുന്ന മറ്റൊരു ടീം ഇന്ത്യ ആയിരിക്കും. ഇന്ത്യയുടെ ബാലൻസും ഓസ്ട്രേലിയയിൽ കളിച്ചുള്ള പരിചയവുമാണ് കാരണം.”- സേവാഗ് പറയുന്നു. ലോകകപ്പിലെ ടോപ്പ് റൺ സ്കോററായി സേവാഗ് പ്രവചിക്കുന്നത് പാക്കിസ്ഥാന്റെ ബാബർ ആസാമിനെയാണ്. “അയാൾ മികച്ച ഒരു ക്രിക്കറ്ററാണ്. വിരാട് കോഹ്ലി ബാറ്റ് ചെയ്യുമ്പോഴുള്ള അതേ ശാന്തത ബാബർ ആസം ബാറ്റ് ചെയ്യുമ്പോഴും ഞാൻ കാണാറുണ്ട്. മാത്രമല്ല അയാൾ പാക്കിസ്ഥാന്റെ ഓപ്പണിങ് ബാറ്ററുമാണ്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
സേവാഗിന്റെ പ്രവചനങ്ങളിൽ ഓസ്ട്രേലിയൻ സാഹചര്യങ്ങളുടെ സ്വാധീനം വളരെയധികം പ്രത്യക്ഷമാണ്. ഇക്കാരണങ്ങൾകൊണ്ട് തന്നെ ജേതാക്കളാവാൻ സാധ്യതയുള്ള ടീം ഓസ്ട്രേലിയയാണ് എന്ന് സേവാഗ് സൂചിപ്പിക്കുന്നു. നാളെ മുതലാണ് ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ട് പോരാട്ടങ്ങൾ ആരംഭിക്കുന്നത്.