ടീമൊക്കെ കൊള്ളാം, പക്ഷെ ചെറിയ പ്രശ്നമുണ്ട് ഉത്തപ്പ പറഞ്ഞത് കേട്ടോ

   

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലേക്കുള്ള സ്ക്വാഡ് നിശ്ചയിച്ചത് മുതൽ ചർച്ചകൾ മുറുകുകയാണ്. സ്ക്വാഡിൽ അസംതൃപ്തി അറിയിച്ചും പ്രശംസകൾ അറിയിച്ചും ഒരുപാട് മുൻ ക്രിക്കറ്റർമാർ രംഗത്ത് വരികയുണ്ടായി. സഞ്ജു സാംസനെയും മുഹമ്മദ് ഷാമിയെയും 15 അംഗ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെ പലരും വിമർശിക്കുകയുണ്ടായി. ഇപ്പോൾ ഇന്ത്യയുടെ സ്ക്വാഡിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻപിലേക്ക് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പയാണ്.

   

ഇന്ത്യൻ ടീമിന് അഞ്ചാം നമ്പർ ബാറ്ററെ സംബന്ധിച്ച് കൃത്യമായ ധാരണപിശകുണ്ട് എന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്. “ഇന്ത്യൻ സ്ക്വാഡിന്റെ തിരഞ്ഞെടുപ്പ് മികച്ചത് തന്നെയാണ്. ചാഹലും അക്ഷർ പട്ടേലും അശ്വിനുമൊക്കെ ബുദ്ധിപരമായി ബോൾ ചെയ്യുന്നവരുമാണ്. മാത്രമല്ല വിക്കറ്റ് വേട്ടക്കാരുമാണ്. അവരുടെ പ്രധാന ലക്ഷ്യം വിക്കറ്റ് വീഴ്ത്തുന്നതിൽ തന്നെയാവും. മാത്രമല്ല ഇന്ത്യയുടെ ബാറ്റിംഗ് ടോപ്പ് ഓർഡർ നന്നായിട്ടുണ്ട്. വാലറ്റവും അത്യാവശ്യം നല്ലതാണ്. എന്നാൽ അഞ്ചാം നമ്പർ സ്പോട്ട് സംബന്ധിച്ചാണ് കൃത്യമായി അവ്യക്തത ഇതുവരെ ലഭിക്കാത്തത്.

   

മിക്കവാറും അഞ്ചാം നമ്പർ സ്പോട്ടിനുള്ള മത്സരം റിഷാഭ് പന്തും ദീപക് ഹൂഡയും തമ്മിലാണ് നടക്കുക.”- റോബിൻ ഉത്തപ്പ പറയുന്നു. ഇതോടൊപ്പം ഇന്ത്യയുടെ ഫാസ്റ്റ് ബോളിംഗ് ലൈനപ്പ് ശക്തമായതായും റോബിൻ ഉത്തപ്പ പറയുന്നുണ്ട്.” എനിക്ക് തോന്നുന്നു ടീമിൽ ഇടംകയ്യൻ ബൗളർമാരുടെ പ്രാധാന്യം വളരെ വലുതാണെന്ന്. അതിനാൽ തന്നെ അർഷദീപ് സിംഗ് ടീമിൽ കളിക്കണം. അവസാന ഓവറുകളിൽ അർഷദീപ് നന്നായി ബോൾ ചെയ്യുന്നുണ്ട്.

   

മാത്രമല്ല തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഭുവനേശ്വർ കുമാർ കഴിഞ്ഞ മത്സരങ്ങളിൽ കാണിച്ചുതന്നിട്ടുമുണ്ട്. ഓസ്ട്രേലിയയിലും ഭുവനേശ്വർ ഇന്ത്യയുടെ പ്രധാന ബോളറാവുമെന്ന് ഉറപ്പാണ്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയതോടെ റിഷഭ് പന്ത് മാത്രമാണ് നിലവിൽ ഇന്ത്യൻ ടീമിലെ മുൻനിരയിലുള്ള ഇടങ്കയ്യൻ ബാറ്റർ. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലാണ് റിഷഭ് പന്ത് കളിക്കുന്നത്. ലോകകപ്പിൽ പന്ത് ഫോമിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *