ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റർമാർ പൂർണമായും പരാജയപ്പെടുന്നതായിരുന്നു കണ്ടത് എന്നാൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ മാത്രം അല്പസമയം ക്രീസിൽ പിടിച്ചുനിന്നു. മത്സരത്തിൽ നാലാമനായിറങ്ങിയ രാഹുൽ 70 പന്തുകളിൽ 73 റൺസായിരുന്നു നേടിയത്. ഏറെ നാളുകൾക്കു ശേഷമായിരുന്നു രാഹുൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിൽ കളിക്കുന്നത്. ഇതേപ്പറ്റി മത്സരശേഷം രാഹുൽ സംസാരിക്കുകയുണ്ടായി.
ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിൽ തുടരുന്നതിനെപ്പറ്റി ടീം മാനേജ്മെന്റ് മുൻപ് തന്നോട് സംസാരിച്ചിരുന്നു എന്നാണ് രാഹുൽ പറയുന്നത്. ഇതോടൊപ്പം പന്തിനെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയതും അവ്യക്തമാണെന്ന് രാഹുൽ പറയുകയുണ്ടായി. “കഴിഞ്ഞ ആറ്-ഏഴ് മാസങ്ങളിൽ ഞങ്ങളധികം ഏകദിന മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ 2020-21 സമയങ്ങളിൽ ഞാനായിരുന്നു ഇന്ത്യയുടെ കീപ്പർ. ഒപ്പം നാലാമതായിരുന്നു ബാറ്റ് ചെയ്തതും. ടീം ഈ റോൾ നേരത്തെ എനിക്ക് നിശ്ചയിച്ചു നൽകിയിരുന്നു. പന്ത് ഒഴിവായതിന് പിന്നിലെ കൃത്യമായ കാരണം എനിക്കറിയില്ല. അത് മെഡിക്കൽ ടീം തന്നെ അറിയിക്കും.”- രാഹുൽ പറഞ്ഞു.
ഇതോടൊപ്പം മത്സരത്തിലെ തന്റെ ഇന്നിംഗ്സിനെപറ്റിയും രാഹുൽ സംസാരിക്കുകയുണ്ടായി. “ടീമിലെ മറ്റെല്ലാവരെക്കാളും നന്നായി ബാറ്റ് ചെയ്യാൻ എനിക്ക് സാധിച്ചു. ഞാൻ കളിച്ച എല്ലാ ഷോട്ടുകളും എല്ലാ തീരുമാനങ്ങളും എനിക്ക് അനുകൂലമായി വന്നു. വെല്ലുവിളിയുയർത്തുന്ന പിച്ചിൽ ഇത്തരമൊരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ മത്സരത്തിന്റെ അവസാനംവരെ ക്രീസിൽ ഉറച്ചിരുന്നെങ്കിൽ 230-240 റൺസ് ഞങ്ങൾക്ക് നേടാൻ സാധിക്കുമായിരുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ തുടർന്ന് ഋഷഭ് പന്ത് വളരെയേറെ വിമർശനങ്ങൾ കേൾക്കുകയാണ്. അതിനുശേഷമാണ് ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ നിന്ന് പന്തിനെ ഇന്ത്യ ഒഴിവാക്കിയത്. ഇതിലെ കാരണം വ്യക്തമല്ല.