സിംബാബ്വെയെ തൂക്കി നിലത്തടിച്ച് നെതർലൻഡ്സ്!! അപ്രതീക്ഷിത അട്ടിമറി!!

   

ഇന്ത്യയ്ക്ക് ആശ്വാസമായി നെതർലാൻഡ്സിന്റെ ഒരു തകർപ്പൻ അട്ടിമറി. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് നെതർലൻഡ്സ് വിജയം കണ്ടത്. ഈ പരാജയത്തോടെ സിംബാബ്വെയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ മങ്ങിയ മട്ടാണ്. കൂടാതെ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ ടീമുകൾക്ക് ഈ അട്ടിമറി ആശ്വാസവും സമ്മാനിക്കുന്നു.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ശക്തിയായ ബോളിഗിൽ, നെതർലൻഡ്സ് തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചു. സിംബാബ്വെയുടെ മുൻനിരവിക്കറ്റുകൾ തുടക്കത്തിലെ പിഴുത നെതർലൻഡ്സ് മത്സരത്തിൽ മികച്ചുനിന്നു. എന്നാൽ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും സീൻ വില്യംസും (28) ക്രീസിൽ ഉറച്ചു. 24 പന്തുകളിൽ 40 റൺസായിരുന്നു റാസ മത്സരത്തിൽ നേടിയത്. റാസക്കു ശേഷമെത്തിയ ബാറ്റർമാരിൽ ആർക്കും രണ്ടക്കം കാണാൻ സാധിക്കാതെ വന്നതോടെ സിംബാബ്വെ തകർന്നു. ഇന്നിങ്സിൽ 117 റൺസിന് സിംബാബ്വെയുടെ മുഴുവൻ ബാറ്റർമാരും കൂടാരം കയറുകയായിരുന്നു.

   

മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് ഓപ്പണർ മൈബർഗിനെ(8) തുടക്കത്തിലെ കൂടാരം കയറ്റാൻ സിംബാബ്വെയ്ക്ക് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ മാക് ഒടൗഡും ടോം കൂപ്പറും ക്രീസിലുറച്ചതോടെ നെതർലൻഡ്സ് അട്ടിമറിക്ക് സജ്ജമായി. മത്സരത്തിൽ ഒടൗഡ് 57 റൺസ് നേടിയപ്പോൾ, 32 റൺസാണ് ടോം കൂപ്പർ നേടിയത്. ഇരുവരുടെയും മികച്ച ബാറ്റിങ്ങിന്റെ ബലത്തിൽ 5 വിക്കറ്റുകൾക്ക് നെതർലാൻഡ്സ് വിജയം കണ്ടു.

   

ഇനി സിംബാബ്വേയ്ക്ക് അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അത് ഇന്ത്യയ്ക്കെതിരെയും. ആ മത്സരത്തിൽ വിജയിച്ചാലും അഞ്ചു പോയിന്റുകൾ നേടാനേ സിംബാബ്വെയ്ക്ക് സാധിക്കൂ. അതിനാൽതന്നെ 2022 ലോകകപ്പിൽ നിന്ന് സിംബാബ്വെ സെമി കാണാതെ പുറത്താകുമെന്ന് ഏകദേശം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *