ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ കണ്ടത് ഒരുതരത്തിൽ ഇന്ത്യൻ ബോളിങ്ങിന്റെ വീക്ക്നെസ്സ് തന്നെയായിരുന്നു. വലിയ രീതിയിൽ സ്വിങ് ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ സീം ബോളർമാർ കഷ്ടപ്പെടുന്നത് ബംഗ്ലാദേശിനെതിരെ കണ്ടു. ഇന്നിംഗ്സിന്റെ ആദ്യ ഏഴ് ഓവറുകളിൽ 66 റൺസായിരുന്നു ഇന്ത്യ വഴങ്ങിയത്. ഈ നിമിഷത്തിൽ ബംഗ്ലാദേശ് വിജയത്തിലെത്തും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ മഴയുടെ ഇടവേളക്ക് ശേഷം ഇന്ത്യ മികച്ച ബോളിംഗ് പുറത്തെടുത്തു. ഇതേക്കുറിച്ചാണ് ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഇതൊരു മുന്നറിയിപ്പാണ് എന്ന് സുരേഷ് റെയ്ന പറയുന്നു. “മത്സരത്തിൽ ബംഗ്ലാദേശ് പോരാടിയ വിധം നാം കണ്ടതാണ്. മഴയെത്തുന്നതിന് മുൻപ് മത്സരത്തിൽ അവർക്ക് തന്നെയായിരുന്നു മുൻതൂക്കം. ആദ്യത്തെ 7 ഓവറുകളിൽ ഇന്ത്യയുടെ ബോളർമാരെ ബംഗ്ലാദേശ് ബാറ്റർമാർ അടിച്ചൊതുക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത് ഒരു പാഠമാണ്.”- സുരേഷ് റെയ്ന പറഞ്ഞു.
“മത്സരത്തിൽ നമ്മൾ വിജയിച്ചു കാണും. എന്നാൽ ബംഗ്ലാദേശ് നന്നായി കളിച്ചു എന്ന് ക്യാപ്റ്റൻ രോഹിത് ശർമ പോലും മത്സരശേഷം പറയുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വെയ്ക്ക് അപ് കോളാണ്. സെമിഫൈനലിലും ഫൈനലിലും ഇന്ത്യൻ ബോളർമാർ കൂടുതൽ മികവു കാട്ടേണ്ടതുണ്ട്. കാരണം ഇനി അവർ നേരിടാൻ പോകുന്നത് കരുത്തന്മാരായ ടീമുകളെയാണ്.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ 185 റൺസിനായിരുന്നു ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. എന്നാൽ ഓപ്പണർ ലിറ്റതാസ് 27 പന്തുകളിൽ 60 റൺസ് നേടിയതോടെ അവർ വിജയത്തിന് അടുത്തേക്ക് കുതിച്ചു. ശേഷം ഒരു ഉഗ്രൻ മടങ്ങിവരവ് തന്നെയായിരുന്നു ഇന്ത്യ നടത്തിയത്. അടുത്ത മത്സരത്തിൽ, ഈ മത്സരത്തിലെ പോരായ്മകൾ പൂർണമായും ഇല്ലാതാക്കാനാവും ഇന്ത്യ ശ്രമിക്കുക.