രണ്ടാം ടെസ്റ്റിലും മോശമായി കളിച്ചാൽ രാഹുലിന് ഇനി വീട്ടിലിരിക്കാം!! കാര്യം തുറന്ന് പറഞ്ഞു മുൻ ഇന്ത്യൻ താരം!!
നിലവിൽ ഏറ്റവുമധികം സെലക്ഷൻ പ്രശ്നങ്ങൾ നേരിടുന്ന ഒരു ടീമാണ് ഇന്ത്യ. ഒരേ രീതിയിൽ മികവ് കാട്ടുന്ന ഒരുപാട് ക്രിക്കറ്റർമാർ ഇന്ത്യയ്ക്കുണ്ട്. ഇങ്ങനെ അധികം കളിക്കാരുള്ളതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്ന പല താരങ്ങൾക്കും ടീമിൽ അവസരവും ലഭിക്കാറില്ല. ഈ അവസരത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യൻ നായകൻ കെ എൽ രാഹുലിന്റെ പ്രകടനത്തിനെതിരെ ഒരുപാട് ചോദ്യമുയർന്നിരുന്നു. ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ട രാഹുൽ ടീമിൽ സ്ഥാനമർഹിക്കുന്നുണ്ടോ എന്നുപോലും പലരും ചോദിച്ചു.
ഈ അവസരത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് കെ എൽ രാഹുലിന് വളരെയേറെ നിർണായകമാണ് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. രാഹുൽ ആവുമോ ഗിൽ ആവുമോ ഇന്ത്യക്കായി അടുത്ത മത്സരത്തിൽ ഓപ്പണിങ്ങിറങ്ങുക എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ജാഫർ. “എന്തായാലും രണ്ടാം ടെസ്റ്റിനായി അധികം സെലക്ഷൻ തലവേദനകൾ ഉണ്ടാവില്ല.
എന്നാൽ ഓസ്ട്രേലിയൻ പരമ്പരയിലേക്ക് പോകുമ്പോൾ ഗില്ലോ രാഹുലോ ആരെങ്കിലും ഒരാൾ മാത്രമേ ടീമിൽ കാണാൻ സാധ്യതയുള്ളൂ. അതിനാൽതന്നെ ഈ ടെസ്റ്റിലെ പ്രകടനം വളരെ നിർണായകമാണ്.”- ജാഫർ പറയുന്നു. “പ്രത്യേകിച്ച് രാഹുലിനാണ് ഈ ടെസ്റ്റ് നിർണായകമാവുക. കാരണം കഴിഞ്ഞ മത്സരങ്ങളിൽ അത്ര മികച്ച ഫോമിലല്ല രാഹുൽ കളിച്ചത്. നമ്മൾ ഇതുവരെ രാഹുലിന്റെ നല്ല പ്രകടനം കണ്ടില്ല. ആക്രമിക്കുന്ന രാഹുലിനെ കണ്ടില്ല. തന്റെ ഷോട്ടുകളിൽ പോലും രാഹുൽ നമ്മളെ നിരാശപ്പെടുത്തുകയാണ് ചെയ്തത്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 22,23 എന്നിങ്ങനെയായിരുന്നു രാഹുൽ നേടിയത്. മാത്രമല്ല 40ന് താഴെ മാത്രമായിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. അതേസമയം മറുവശത്ത് വളരെ പോസിറ്റീവായിയാണ് ഗിൽ കളിച്ചത്.