അക്കാരണത്താൽ മത്സരത്തിന്റെ ഗതി തിരിഞ്ഞു ഇനി അത് ആവർത്തിക്കരുത് : രോഹിത്

   

വളരെയധികം നിരാശാജനകമായ ബോളിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യൻ ടീം കാഴ്ചവച്ചത്. 208 എന്ന വമ്പൻ സ്കോർ പിന്തുടർന്ന ഓസീസിനെ പിടിച്ചുകേട്ടുന്നതിൽ ഇന്ത്യൻ ബോളർമാർ പൂർണമായും പരാജയപ്പെടുന്ന കാഴ്ച്ചയായിരുന്നു മത്സരത്തിൽ കണ്ടത്. അവസാന 20 പന്തുകളിൽ 55 റൺസായിരുന്നു ഇന്ത്യൻ ബോളർമാർ വഴങ്ങിയിരുന്നത്. നിലവിൽ ഡെത്ത് ബോളിങ്ങിൽ വളരെ മോശം പ്രകടനം തന്നെയാണ് ഇന്ത്യൻ ബോളർമാർ തുടരുന്നത്. ഇതേ സംബന്ധിച്ച ആശങ്ക ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അറിയിക്കുകയുണ്ടായി.

   

“നാല് ഓവറുകളിൽ 60 റൺസ് പ്രതിരോധിക്കാൻ നമുക്ക് സാധിക്കേണ്ടതയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ആവശ്യമായ രീതിയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചില്ല. ഇതായിരുന്നു മത്സരത്തിന്റെ ഗതി തിരിച്ചതും. അവസാന ഓവറുകളിൽ വിക്കറ്റ് നേടാൻ സാധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. മത്സരത്തിൽ ഹർദിക് പാണ്ഡ്യ നന്നായിത്തന്നെ ബാറ്റ് ചെയ്തിട്ടുണ്ട്. അടുത്ത മത്സരത്തിന് മുൻപ് ബോളിഗിൽ കുറച്ചുകൂടി ശ്രദ്ധചെലുത്താൻ ശ്രമിക്കും.”- രോഹിത് പറഞ്ഞു.

   

മത്സരത്തിലെ പ്രധാനപ്രശ്നം ഡെത്ത് ബോളിംഗിലായിരുന്നു എന്ന് സമ്മതിക്കുകയാണ് രോഹിത് ശർമ. “ഞങ്ങൾ നന്നായി ബോൾ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. 200 നല്ലൊരു സ്കോർ തന്നെയാണ്. എന്നാൽ മൈതാനത്ത് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ബാറ്റർമാരിൽ നിന്ന് മികച്ച പ്രകടനം ഉണ്ടായെങ്കിലും ബോളിങ്ങിൽ പരാജയമായി മാറി. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എന്നിരുന്നാലും ഞങ്ങളെ സംബന്ധിച്ച് തെറ്റുകൾ കണ്ടെത്തി പരിഹരിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ലഭിച്ചിട്ടുള്ളത്”- രോഹിത് കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ പിച്ചിന്റെ സ്വഭാവവും ഫലത്തെ ബാധിച്ചിട്ടുണ്ട് എന്ന് രോഹിത് പറയുന്നു. 200 റൺസ് നേടിയാലും മതിയാകാത്ത പിച്ചായിരുന്നു മൊഹാലിയിലേതെന്ന് രോഹിത് കൂട്ടിച്ചേർക്കുന്നു. എന്തായാലും ലോകകപ്പിന് മുന്നോടിയായുള്ള ഈ പരാജയങ്ങൾ ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *