റെക്കോർഡുകൾ തൂത്തെറിഞ്ഞ സൂര്യതാണ്ഡവം!! അടികൊണ്ട് തളർന്നു ദക്ഷിണാഫ്രിക്ക.

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിലും സൂര്യകുമാർ യാദവ് അടിച്ചുതകർക്കുന്നതാണ് കണ്ടത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ മൈതാനത്തിന്റെ നാല് ദിശയിലേക്കും അടിച്ചകറ്റിയ സൂര്യകുമാർ 22 പന്തുകളിൽ 61 റൺസാണ് നേടിയത്. ഇന്നിങ്സിൽ അഞ്ചു സിക്സറുകളും അഞ്ചു ബൗണ്ടറികളും ഉൾപ്പെട്ടു. ഈ ഇന്നിങ്സിന്റെ ബലത്തിലായിരുന്നു ഇന്ത്യ 237 എന്ന വമ്പൻ സ്കോർ മത്സരത്തിൽ അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്സിലൂടെ സൂര്യകുമാർ ഒരുപാട് റെക്കോർഡുകളും മറികടക്കുകയുണ്ടായി.

   

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ക്രിക്കറ്റർ എന്ന നേട്ടമാണ് സൂര്യകുമാർ യാദവ് മത്സരത്തിൽ കൈവരിച്ചത്. ഇതുവരെ സൂര്യ കുമാർ യാദവ് 573 പന്തുകളാണ് ട്വന്റി20യിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് 1000 റൺസ് സൂര്യകുമാർ നേടിയത്. നേരത്തെ 604 പന്തുകളിൽ 1000 റൺസ് നേടിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാണ് സൂര്യകുമാർ മറികടന്നിരിക്കുന്നത്.

   

മത്സരത്തിലേക്ക് വന്നാൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങൾക്ക് ലഭിച്ച അവസരം ഗുവാഹത്തിയിലെ ബാറ്റിംഗ് പറുദീസയിൽ ഇന്ത്യൻ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു. എല്ലാ ബാറ്റർമാരും ഇന്ത്യക്കായി അഴിഞ്ഞാടി. 28 പന്തുകളിൽ 57 റൺസെടുത്ത കെ എൽ രാഹുലും, 37 പന്തുകളിൽ 43 റൺസെടുത്ത രോഹിത് ശർമ്മയും നല്ല തുടക്കമാണ് ഇന്ത്യക്കു നൽകിയത്. പിന്നാലെ എത്തിയ കോഹ്ലിയും അടിച്ചുതകർത്തു. നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് വെടിക്കെട്ടിന് തിരികൊളുത്തുകയും, കാർത്തിക്ക് ഫിനിഷിംഗ് നിർവഹിക്കുകയും ചെയ്തതോടെ ഇന്ത്യ 237 എന്ന വമ്പൻ സ്കോറിലെത്തി.

   

മറുപടി ബാറ്റിങ്ങിൽ തീർത്തും മോശമായ രീതിയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ നാലാം വിക്കറ്റിൽ ക്വിന്റോൻ ഡീകോക്കും ഡേവിഡ് മില്ലറും അടിച്ചുതകർത്തു. 47 പന്തുകളിൽ 8 ബൗണ്ടറികളുടെയും ഏഴ് സിക്സറുകളുടെയും അകമ്പടിയോടെ 106 റൺസാണ് മില്ലർ മത്സരത്തിൽ നേടിയത്. എന്നാൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് 16 റൺസകലെ ദക്ഷിണാഫ്രിക്ക വീണു.

Leave a Reply

Your email address will not be published. Required fields are marked *