വീണ്ടും ഇന്ത്യയുടെ തേരാളിയായി സൂര്യകുമാർ യാദവ്. തിരുവനന്തപുരത്തു നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടി ഇന്ത്യ പരമ്പര ആരംഭിച്ചു. മത്സരത്തിലൂടെ ഒരുപാട് റെക്കോർഡുകൾ സൂര്യകുമാർ നേടികൂട്ടുകയുണ്ടായി. ഇന്ത്യയുടെ മുൻനിര ബൗളർമാരുടെ ശക്തി വിളിച്ചോതിയ മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം കണ്ടത്. ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യ കുറച്ചധികം ബോളുകൾ ശേഷിക്കെ വിജയം കാണുകയായിരുന്നു.
ഇതിനിടെ കുറച്ചധികം റെക്കോർഡുകൾ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് തകർക്കുകയുണ്ടായി. ഇന്ത്യക്കായി ഒരു കലണ്ടർ വർഷം ഏറ്റവുമധികം റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡാണ് സൂര്യകുമാർ യാദവിന് വന്നുചേർന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കായി 732 റൺസാണ് സൂര്യകുമാർ യാദവ് ഈ വർഷം നേടിയത്. ഇതോടൊപ്പം ഒരു കലണ്ടർ വർഷത്തിൽ ട്വന്റി20യിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി സൂര്യകുമാറിന് സ്വന്തം. ഈ വർഷം 45 സിക്സറുകളാണ് സൂര്യ കുമാർ യാദവ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. റൺസൊഴുകും എന്ന് പ്രവചിച്ച തിരുവനന്തപുരത്തെ പിച്ചിൽ ബോളർമാർക്ക് വലിയ പിന്തുണ ലഭിക്കുന്നതായിരുന്നു കണ്ടത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ ലൈൻ കണ്ടെത്തിയ അർഷാദീപും ദീപക് ചാഹറും ചേർന്ന് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി. ഒരു സമയത്ത് 9 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നു. എന്നാൽ വാലറ്റ ബാറ്ററായ കേശവ് മഹാരാജിന്റെയും(41) എയ്ടൻ മാക്രത്തിന്റെയും ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 106 എന്ന സ്കോറിൽ എത്തിയത്.
മറുപടി ബാറ്റിങ്ങിൽ പിച്ചിന്റെ സാഹചര്യം നോക്കിയാണ് ഇന്ത്യൻ ബാറ്റർമാർ ആരംഭിച്ചത്. എന്നാൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും പെട്ടെന്നുതന്നെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചു. പക്ഷേ നാലാമനായി ഇറങ്ങിയ സൂര്യകുമാർ 33 പന്തിൽ 50 റൺസ് നേടിയതോടെ ഇന്ത്യ വിജയത്തിലെത്തി. ഓപ്പണർ കെ എൽ രാഹുലും(51) മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു. മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.