ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20യിൽ ഒരു അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് പരമ്പര നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ തങ്ങളുടെ ആദ്യ ട്വന്റി20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ചയും ഇന്ത്യൻ ടീം തിങ്കളാഴ്ചയുമാണ് തിരുവനന്തപുരത്തെത്തിയത്. നാളെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ തിരുവനന്തപുരത്തെ ട്വന്റി20 മത്സരം നടക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയത് മുതൽ ആരാധകവൃന്ദങ്ങൾ ഇന്ത്യൻ ടീമിനെ പിന്തുടരുന്നതാണ് കാണാനായത്. രോഹിത് ശർമയ്ക്കും കൂട്ടർക്കും വലിയ ഒരു സ്വീകരണം തന്നെ ഒരുക്കാനും കെസിഎയ്ക്ക് സാധിച്ചിട്ടുണ്ട്. സഞ്ജു സാംസന്റെ പേര് വിളിച്ചത് തന്നെയായിരുന്നു കേരളത്തിലെ ആരാധകർ ഇന്ത്യൻ ടീമിനെ സ്വീകരിച്ചത്. വരാനിരിക്കുന്ന ട്വന്റി20യിൽ സഞ്ജു ഇല്ലെങ്കിലും ആരാധകബലം ഒരുപാടുണ്ട് എന്ന സൂചന കൂടി ഈ വരവേൽപ്പിലൂടെ ലഭിക്കുകയുണ്ടായി. ഇതിനിടെ സൂര്യകുമാർ യാദവിന്റെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയത്.
തിരുവനന്തപുരത്ത് സഞ്ജു സാംസണായി അലറിവിളിച്ച ആരാധകർക്ക് മുൻപിൽ, ടീമിന്റെ ബസ്സിലിരുന്ന് തന്നെ സഞ്ജുവിന്റെ ഫോട്ടോ തന്റെ ഫോണിൽ ഉയർത്തിക്കാട്ടുന്ന സൂര്യകുമാർ യാദവിനെയാണ് നമുക്ക് ഈ വീഡിയോയിൽ കാണാനാവുന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലടക്കം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവെച്ചിട്ടും സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് ചർച്ചയാവുകയും ചെയ്തിരുന്നു.
എന്തായാലും തിരുവനന്തപുരത്ത് ഇന്ത്യയുടെ മത്സരം നടക്കുമ്പോൾ സഞ്ജു ആരാധകർ എല്ലാവരും സഞ്ജുവിനായി പ്രതിഷേധം അറിയിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചധികം നാളുകൾക്ക് ശേഷമാണ് ഇന്ത്യയുടെ മത്സരം തിരുവനന്തപുരത്ത് നടത്തുന്നത്. അതിന്റെ ആവേശത്തിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ. നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരം തിരുവനന്തപുരത്ത് നടക്കുക.
Suryakumar Yadav Showing SanjuSamson’s Picture To fans😍 Indian cricket 🏏 Team have Reached Trivandrum Ahead Of 1st T20 Against SouthAfrica #IndianCricketTeam #INDvsSA #CricketTwitter #Cricket #SanjuSamson #INDvAUS #SuryakumarYadav #sky @CricCrazyJohns @rajasthanroyals pic.twitter.com/NUCyqjRSZ2
— Vaishnav Hareendran (@VaishnavHari11) September 26, 2022