ഇംഗ്ലണ്ടിന്റെ സൂപ്പർ 12ലെ അവസാന മത്സരത്തിൽ മികച്ച ബാറ്റിംഗ് തന്നെയായിരുന്നു ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ചവച്ചത്. നിർണായക സാഹചര്യത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റോക്സ് മറുവശത്ത് വിക്കറ്റുകൾ വീണപ്പോഴും സംയമനപൂർവ്വം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയാണ് ഉണ്ടായത്. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് സെമിയിലെത്താൻ സാധിച്ചു. മത്സരത്തിൽ 36 പന്തുകളിൽ 42 റൺസായിരുന്നു സ്റ്റോക്ക്സ് നേടിയത്. സ്റ്റോക്സ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയുയർത്തും എന്നാണ് ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്.
ഇംഗ്ലണ്ട് ഒന്നാം ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തതിനാൽ തന്നെ സെമിയിൽ ഇന്ത്യയുടെ എതിരാളികളാവാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സ്റ്റോക്സിന്റെ പ്രകടനത്തെ പറ്റി ഹർഭജനൻ പറയുന്നത്. “ഇത്തരം പ്രകടനങ്ങൾ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കും. നമ്മൾക്ക് മാത്രമല്ല നമ്മുടെ ടീമിനും ഇതിലൂടെ ആത്മവിശ്വാസം ലഭിക്കും. ഇത്തരമൊരു മത്സരമായിരുന്നു ഇംഗ്ലണ്ടിന് ആവശ്യം.
വലിയ മത്സരത്തിൽ വലിയ കളിക്കാരൻ തന്നെ മുൻപിലേക്ക് വന്നു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരു സന്തോഷ കാര്യമാണിത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയും.”-ഹർഭജൻ പറഞ്ഞു. “വളരെ ഉത്തരവാദിത്വത്തോടെയായിരുന്നു സ്റ്റോക്ക്സ് ശ്രീലങ്കക്കെതിരെ കളിച്ചത്. അയാളുടെ വിക്കറ്റിന്റെ പ്രാധാന്യം അയാൾ മനസ്സിലാക്കി. അതൊരു സ്ലോ പിച്ചായിരുന്നു. സിംഗിളും ഡബിളുമായിരുന്നു അവിടെ പ്രധാനപ്പെട്ടത്. സ്റ്റോക്സ് സിക്സറുകൾ പരത്തുന്നതിനു പകരം അതിന് തന്നെയാണ് ശ്രമിച്ചത്.”- ഹർഭജൻ സിഗ് കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഗ്രൂപ്പ് ഒന്നിൽ നിന്ന് ന്യൂസിലൻഡും ഇംഗ്ലണ്ടുമാണ് സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. ഇരടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു കാഴ്ചവച്ചിരുന്നത്. അതിനാൽതന്നെ മറ്റു ടീമുകൾക്ക് വെല്ലുവിളിയുമാണ് ഇവർ.