ഷാഹീൻ അഫ്രീദിയുടെ അഴിഞ്ഞാട്ടം!! ഇന്ത്യയ്ക്കൊപ്പം പാകിസ്താനും സെമിയിൽ!!
ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി പാകിസ്ഥാൻ സെമിഫൈനലിൽ. ഷാഹിൻ അഫ്രീദിയുടെ ഉഗ്രൻ ബോളിംഗ് പ്രകടനം കണ്ട മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. മത്സരത്തിലുടനീളം പാക്കിസ്ഥാന്റെ ആധിപത്യം തന്നെയായിരുന്നു കാണാനായത്. ബോളിങ്ങിലും ബാറ്റിങ്ങിലും പാക്കിസ്ഥാൻ തിളങ്ങി.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിർണ്ണായക മത്സരത്തിൽ ബംഗ്ലാദേശിനായി ഓപ്പണർ ഷാന്റോ അടിച്ചുതകർത്തു. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിട്ടും ഷാന്റോ തന്റേതായ രീതിയിൽ റൺസ് കണ്ടെത്തി. മത്സരത്തിൽ 48 പന്തുകളിൽ 54 റൺസായിരുന്നു ഷാന്റോ നേടിയത്. എന്നാൽ ഷാന്റോ പുറത്തായ ശേഷം പാക് ബോളർമാർ ബംഗ്ലാദേശിനെ വരിഞ്ഞുമുറുകി. ഷാഹിൻ അഫ്രീദിയുടെ ഒരു വമ്പൻ പ്രകടനം തന്നെ അവസാന ഓവറുകളിൽ കാണുകയുണ്ടായി. നിശ്ചിത നാലോവറുകളിൽ 22 റൺസ് വിട്ടുനൽകി നാല് വിക്കറ്റുകളായിരുന്നു ഷാഹിൻ അഫ്രീദി നേടിയത്. ഇതോടെ ബംഗ്ലാദേശ് 127 എന്ന ചെറിയ സ്കോറിൽ ഒതുങ്ങി.
മറുപടി ബാറ്റിംഗിൽ വലിയ റിസ്ക് എടുക്കാതെയാണ് പാകിസ്ഥാൻ ബാറ്റർമാർ തുടങ്ങിയത്. ബാബർ ആസമും(25) മുഹമ്മദ് റിസ്വാനും(32) പതിയെ കളിച്ച് പാകിസ്ഥാനെ വിജയത്തിനടുത്ത് എത്തിച്ചു. പിന്നീട് നാലാമനായിറങ്ങിയ മുഹമ്മദ് ഹാരിസ് (31) അടിച്ചുതകർക്കാൻ തുടങ്ങിയതോടെ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയം കണ്ടത്.
ഈ വിജയത്തോടെ ഇന്ത്യയും പാകിസ്ഥാനും 2022 ലോകകപ്പിന്റെ സെമിയിൽ എത്തിയിട്ടുണ്ട്. ടൂർണമെന്റിന്റെ പാതിയിൽ പലരും എഴുതിതള്ളിയ പാകിസ്താന്റെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് കാണാനായത്. ഇന്ത്യയുടെ അവസാന മത്സരത്തിനു ശേഷമേ പാകിസ്ഥാന്റെ സെമിയിലെ എതിരാളികളെ അറിയാൻ സാധിക്കൂ.