ഇന്ത്യൻ ടീമിന് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് 2007-ലെ ടി20 ലോകകപ്പ്. പ്രഥമ ട്വന്റി20 ലോകകപ്പിൽ വലിയ താരങ്ങൾ ആരുംതന്നെയില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യൻ ടീം ലോകക്രിക്കറ്റിനെ ഞെട്ടിച്ച് ജേതാക്കളാവുകയുണ്ടായി. അന്ന് ഇന്ത്യൻ ടീമിലെ പ്രധാന ഘടകമായിരുന്നു മലയാളി താരം ശ്രീശാന്ത്. അന്നത്തെ ട്വന്റി20 ലോകകപ്പും 2022ലെ ട്വന്റി20 ലോകകപ്പും തമ്മിൽ ചില സാമ്യതകൾ കണ്ടെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.
ഇന്ത്യൻ ടീമിനെ നിലവിലെ സാഹചര്യങ്ങളെപ്പറ്റി വാചാലനാവാനും ശ്രീശാന്ത് മറന്നിട്ടില്ല. “നമുക്ക് ഇപ്പോഴുള്ളത് മികച്ച ഒരു ടീം തന്നെയാണ്. ഏഷ്യാകപ്പിലെ പരാജയം ഒഴിച്ചുനിർത്തിയാൽ എനിക്ക് ടീമിൽ അങ്ങേയറ്റത്തെ ആത്മവിശ്വാസവുമുണ്ട്. എന്നാൽ ഏഷ്യാകപ്പിലെ പരാജയം എന്നെ ഓർമ്മിപ്പിക്കുന്നതും 2007 തന്നെയാണ്. അന്ന് പ്രാഥമിക ലോകകപ്പിന് മുൻപാണ് വിൻഡീസിൽ 50 ഓവർ ലോകകപ്പ് നടന്നത്. 50 ഓവർ ലോകകപ്പിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇതേപോലെ തന്നെയാണ് ഏഷ്യാകപ്പിൽ കാണാനായത്. ഏഷ്യാകപ്പിലെ പരാജയം നമുക്ക് കൂടുതൽ പ്രചോദനം നൽകും. നന്നായി പരിശ്രമിച്ചാൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.”- ശ്രീശാന്ത് പറയുന്നു.
ടീം സെലക്ഷനെ സംബന്ധിച്ചുള്ള അഭിപ്രായവും ശ്രീശാന്ത് ഇതോടൊപ്പം പറയാൻ മറന്നില്ല. “സെലക്ഷൻ സംബന്ധിച്ച് വലിയ കാര്യങ്ങൾ ഒന്നുംതന്നെ പറയാനില്ല. തെരഞ്ഞെടുക്കപ്പെട്ടത് തന്നെയാണ് മികച്ച ടീം. 2007ൽ ആണെങ്കിൽതന്നെ ഒരുപാട് മികച്ച കളിക്കാർക്ക് ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നിട്ടും നമ്മൾ ജയിച്ചു. അതിനാൽതന്നെ ആര് കളിക്കുന്നു ആര് കളിക്കുന്നില്ല എന്നതല്ല പ്രശ്നം. ടീം വിജയിക്കുക എന്നതാണ്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും ശ്രീശാന്ത് പങ്കുവെക്കുകയുണ്ടായി. ഓസ്ട്രേലിയൻ കണ്ടീഷനിൽ വിരാടിന്റെ ഫോം ഇന്ത്യയ്ക്ക് നിർണായകമാകും എന്നാണ് ശ്രീശാന്തിന്റെ പക്ഷം. വിരാട്ടും രോഹിതും ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ രക്ഷകനാവും എന്ന അഭിപ്രായവും ശ്രീശാന്തിനുണ്ട്.