ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിലേക്കായി പുതിയ മാനദണ്ഡങ്ങൾ തേടുകയാണ്. കൂടുതൽ ആക്രമണപരമായ സമീപനങ്ങൾ കുട്ടിക്രിക്കറ്റിൽ പുറത്തെടുക്കാനായി യുവതാരങ്ങളെ ടീമിൽ അണിനിരത്താനാണ് ഇന്ത്യ ശ്രമിക്കുന്നതും. ഇതിൽ ഇന്ത്യയുടെ ആദ്യ മൂന്നിൽ കളിപ്പിക്കേണ്ട ഒരു ക്രിക്കറ്ററാണ് സഞ്ജു സാംസൺ എന്നാണ് ആകാശ് ചോപ്ര പറയുന്നത്. സഞ്ജുവിന് വളരെ നന്നായി തന്നെ ഫാസ്റ്റ് ബോളർമാരെ നേരിടാൻ സാധിക്കുമെന്നും, അതിനാൽ ടോപ് ഓർഡറിലാണ് സഞ്ജു കളിക്കേണ്ടതെന്നും ചോപ്ര സൂചിപ്പിക്കുന്നു.
“നമ്മൾ ടോപ്പ് ഓർഡറിൽ കളിപ്പിക്കേണ്ട താരമാണ് സഞ്ജു സാംസൺ. സഞ്ജു ഫാസ്റ്റ് ബോളർമാർക്കെതിരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ആകെ ലെഗ് സ്പിന്നർമാർക്കെതിരെ മാത്രമാണ് സഞ്ജു പതറുന്നത്. പ്രത്യേകിച്ച് ശ്രീലങ്കൻ സ്പിന്നർ ഹസരംഗയുടെ അടുത്ത്. ബാക്കിയുള്ള ബോളർമാരെയെല്ലാം സഞ്ജു അടിച്ചുതൂക്കാറുണ്ട്.”- ആകാശ് ചോപ്ര പറയുന്നു.
“സഞ്ജുവിന്റെ സ്വാഭാവികമായ രീതി ആക്രമണം തന്നെയാണ്. അയാൾ വമ്പൻ ഷോട്ടുകൾ കളിച്ചുകൊണ്ടേയിരിക്കും. ഇന്ത്യ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താൻ തയ്യാറാണെങ്കിൽ അയാളെ മൂന്നാം നമ്പറിൽ തന്നെ ഇറക്കണം. ആ സ്ഥാനം നൽകാൻ തയ്യാറല്ലെങ്കിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല. കാരണം ആറാം നമ്പരിൽ കളിച്ചാൽ സഞ്ജുവിന് സ്കോർ നേടാൻ സാധിക്കില്ല. സഞ്ജു ബാറ്റിംഗിൽ പരാജയപ്പെട്ടുവെന്ന് എല്ലാവരും പറയും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയ്ക്കായി ഇതുവരെ 16 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 296 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 135.15 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ഇതിൽ ആറ് തവണയാണ് സഞ്ജു ടോപ് ഓർഡറിൽ ബാറ്റ് ചെയ്തത്. ആ അവസരങ്ങളിൽ 160 സ്ട്രൈക്ക് റേറ്റ് നേടാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.