നന്നായി കളിക്കാത്ത സീനിയർ കളിക്കാരെ ഇനി ലോകകപ്പ് കളിപ്പിക്കരുത്!! ശക്തമായ നിലപാടുമായി സേവാഗ്
2022 ട്വന്റി20 ലോകകപ്പിൽ വളരെ മോശം പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ ചില സീനിയർ താരങ്ങൾ കാഴ്ചവെച്ചത്. പ്രത്യേകിച്ച് ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും. ഇരുവരുടെയും ലോകകപ്പിലെ ബാറ്റിംഗ് സമീപനങ്ങൾക്കെതിരെ ഒരുപാട് വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ട്വന്റി20 ലോകകപ്പിലേക്ക് പോകുമ്പോൾ വലിയ മാറ്റങ്ങൾ തന്നെ ഇന്ത്യ വരുത്തേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നത്.
“നോക്കൂ, ഞാൻ പറയുന്നത് ചിന്തകളിലും മറ്റൊന്നിലും മാറ്റങ്ങൾ വരുത്തണം എന്നല്ല. ടീമിൽ മാറ്റങ്ങൾ വരുത്തണം. അടുത്ത ലോകകപ്പിൽ 2022ലെ ചില മുഖങ്ങൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2007ൽ നമ്മൾ നടപ്പിലാക്കിയ ഒരു തന്ത്രമുണ്ട്. വർഷങ്ങളായി ഇന്ത്യക്കായി കളിച്ച പല കളിക്കാരും ലോകകപ്പ് കളിക്കാൻ അന്ന് വന്നില്ല. ഒരു പ്രതീക്ഷയും വയ്ക്കാതെ യുവതാരങ്ങളെയാണ് ഇന്ത്യ അന്ന് ലോകകപ്പിന് നിരത്തിയത്.”- സേവാഗ് പറയുന്നു.
“ഇന്ത്യ അടുത്ത ലോകകപ്പ് കളിക്കുമ്പോൾ അവർ ജേതാക്കളാവും എന്ന വലിയ പ്രതീക്ഷ ഉണ്ടാവാൻ പാടില്ല. ഭാവിക്കായി നമ്മൾ കെട്ടിപ്പൊക്കിയ ടീമിനെ അണിനിരത്തണം. ഇപ്പോൾ നമ്മൾ ഭാവിയെക്കുറിച്ച് ചിന്തിച്ചാൽ അന്നത്തേക്ക് നല്ലൊരു ടീമിനെ അണിനിരത്താൻ സാധിക്കും. രണ്ടുവർഷം നമ്മുടെ മുൻപിലുണ്ട്. ഇതോടൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാത്ത സീനിയർ കളിക്കാർ അടുത്ത ലോകകപ്പിൽ കളിക്കരുത്.”- സേവാഗ് കൂട്ടിച്ചേർത്തു.
നിലവിൽ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. ഇന്ത്യയുടെ യുവനിരയാണ് പരമ്പരയിൽ അണിനിരക്കുക.