തന്റെ ലളിതമായ ഇടപെടലുകൾ കൊണ്ട് കഴിഞ്ഞ സമയങ്ങളിൽ വളരെയധികം ശ്രദ്ധനേടിയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ശേഷവും തോൽവിയുടെ കാരണം സ്വയം ഏറ്റെടുക്കുകയാണ് സഞ്ജു സാംസൺ. തന്റെ പ്ലാനിൽ വന്ന ചെറിയ മാറ്റങ്ങൾ ഇന്ത്യയുടെ വിജയത്തിന് വിലങ്ങുതടിയായി എന്ന് സഞ്ജു പറഞ്ഞു. രണ്ടു വമ്പൻ ഷോട്ടുകൾ കൂടി കൃത്യമായി നേടാൻ സാധിച്ചിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വിജയിക്കാൻ സാധിച്ചേനെ എന്ന് സഞ്ജു പറയുന്നു.
മത്സരശേഷം നടന്ന പ്രസ് കോൺഫറൻസിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. “മൈതാനത്ത് കുറച്ചധികം സമയം ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇന്ത്യൻ ജഴ്സിയിൽ ഇതിന് അവസരം ലഭിക്കുന്നത് സ്പെഷ്യൽ തന്നെയാണ്.എന്നിരുന്നാലും വിജയം എന്ന ഒറ്റ ലക്ഷ്യമേ ഞങ്ങൾക്ക് മുൻപിൽ ഉണ്ടായിരുന്നു. പക്ഷേ നിർണായക സമയത്ത് ഒന്ന് രണ്ട് ഷോട്ടുകൾ കളിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഇനിയുള്ള അവസരത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. എന്നിരുന്നാലും എന്റെ സംഭാവനയിൽ ഞാൻ സംതൃപ്തനാണ്.”- സഞ്ജു പറഞ്ഞു.
“ദക്ഷിണാഫ്രിക്കൻ ബോളർമാർ വളരെ മികച്ച രീതിയിൽ തന്നെ ബോൾ ചെയ്തിരുന്നു. എന്നാൽ ഷംസി മാത്രം നന്നായി റൺസ് വഴങ്ങി. അതിനാൽ തന്നെ ഞങ്ങൾ വിചാരിച്ചത് അയാളെ ലക്ഷ്യം വയ്ക്കാം എന്നായിരുന്നു. ഷംസിയ്ക്ക് ഒരു ഓവർ ബാക്കിയുണ്ടായിരുന്നു. ആ ഓവറിൽ 24 റൺസ് വേണ്ടിയിരുന്നെങ്കിലും, നാലു സിക്സറുകളും നേടാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മത്സരം ഞാൻ അവസാന ഓവറുകളിൽ എത്തിച്ചത്. കൂടാതെ മറ്റുബാറ്റർമാരും പിന്തുണ നൽകുമെന്ന് ഞാൻ വിചാരിച്ചു”- സഞ്ജു കൂട്ടിച്ചേർത്തു.
മത്സരത്തിൽ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 31 റൺസായിരുന്നു. ആദ്യ 2 ബോളിൽ ബൗണ്ടറി നേടി സഞ്ജു പ്രതീക്ഷ ഉയർത്തിയെങ്കിലും, പിന്നീട് ഷംസി മികച്ച രീതിയിൽ തന്നെ ബോൾ ചെയ്യുകയുണ്ടായി. ഇതാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.