ഇന്ത്യൻ നിരയിൽ സഞ്ജു സാംസണ് വീണ്ടും അവഗണന. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ടീമിൽ സഞ്ജു സാംസണില്ല. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ഇന്ത്യക്കായി മത്സരത്തിൽ കളിക്കുന്നത്. അടുത്ത ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സ്ക്വാഡിലില്ലാത്തതിനാൽ തന്നെ സഞ്ജുവിന്റെ വലിയ അവസരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ മുൻ താരമായ അമ്പട്ടി റായുഡുവിന്റെ അതേ അവസ്ഥ തന്നെയാണ് നിലവിൽ സഞ്ജു സാംസനും ഉണ്ടാവുന്നത് എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.
ബിസിസിഐയുടെ ആഭ്യന്തര രാഷ്ട്രീയമാണ് സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് എന്നാണ് കനേറിയ പറയുന്നത്. “അമ്പട്ടി റായുഡുവിന്റെ കരിയർ അവസാനിച്ചത് ഇങ്ങനെ തന്നെയായിരുന്നു. അയാൾ ഒരുപാട് റൺസ് നേടിയിരുന്നു. പക്ഷേ കുറെ അവഗണനകൾ ഉണ്ടായി. ഇതിനൊക്കെയുള്ള കാരണം ബിസിസിഐയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും ആഭ്യന്തര രാഷ്ട്രീയം തന്നെയാണ്.”-കനേറിയ പറഞ്ഞു.
“എങ്ങനെയാണ് ഒരു കളിക്കാരനെ ഇത്രമാത്രം അവഗണിക്കാൻ സാധിക്കുന്നത്! ഇപ്പോൾ തന്നെ അയാൾ ഒരുപാട് അവഗണനകൾ സഹിച്ചു. ലഭിച്ച അവസരങ്ങളിലെല്ലാം റൺസ് കണ്ടെത്തി. നമുക്ക് നഷ്ടമാകുന്നത് ഒരു മികച്ച കളിക്കാരനെ തന്നെയാണ്. കാരണം ഈ സെലക്ഷൻ പ്രശ്നം തന്നെ. എല്ലാവർക്കും കാണേണ്ടത് സഞ്ജുവിന്റെ എക്സ്ട്രാ കവർ ഷോട്ടുകളാണ്. പുൾ ഷോട്ടുകളാണ്. എന്നാൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുന്നില്ല. ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.
2016 ലായിരുന്നു സഞ്ജു സാംസൺ ഇന്ത്യക്കായി ഏകദിന മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 11 ഏകദിനങ്ങൾ മാത്രമേ സഞ്ജുവിന് ഇന്ത്യക്കായി കളിക്കാൻ സാധിച്ചിട്ടുള്ളൂ. കൂടാതെ 16 ട്വന്റി20 കളും ഇന്ത്യക്കായി സഞ്ജു കളിച്ചു. പക്ഷേ തുടർച്ചയായി അവസരങ്ങൾ തേടി വരാത്തത് സഞ്ജുവിനെ നന്നായി തന്നെ ബാധിക്കുന്നുണ്ട്.