സച്ചിൻ എന്ന ക്രിക്കറ്റർക്ക് നേടാൻ ഇനിയൊന്നും തന്നെ ബാക്കിയില്ല. തന്റെ കരിയറിൽ അത്ര മികച്ച രീതിയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ ബാക്കിവെച്ചതെന്തോ അത് തേടിയുള്ള യാത്ര സച്ചിൻ ഇപ്പോഴും തുടരുന്നുണ്ട്. റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ രണ്ടാമത്തെ സീസണിലും ഇന്ത്യൻ ലെജൻസ് ടീമിന് കിരീടം നേടി കൊടുത്തിരിക്കുകയാണ് സച്ചിനെന്ന ക്യാപ്റ്റൻ. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സച്ചിനും പടയും ഫൈനലിൽ 33 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ തുടർച്ചയായ രണ്ടാം സീസണിളും കിരീട ജേതാക്കളായി ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ ലെജൻസ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിന് ബാറ്റിഗിൽ ലഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറിനെ(0) ഇന്ത്യയ്ക്ക് ആദ്യമേ നഷ്ടമായി. പിന്നാലെ സുരേഷ് റെയ്നയും(4) മടങ്ങിയതോടെ ഇന്ത്യ തകരാൻ തുടങ്ങി. എന്നാൽ നാലാമനായി ക്രീസിലെത്തിയ വിനയ്കുമാർ നമൻ ഓജയ്ക്ക് ഒപ്പംചേർന്ന് അടിച്ചുതകർത്തു. ഓജ ക്ലാസ് ഷോട്ടുകൾ കൊണ്ട് അമ്മാനമാടിയപ്പോൾ വിനയ്കുമാർ കൂറ്റനടികൾ നടത്തി.
വിനയകുമാർ പുറത്തായ ശേഷവും ഓജ വമ്പനടികൾ തുടർന്നു. ഒപ്പം യുവരാജ് സിംഗും സ്റ്റുവർട്ട് ബിന്നിയുമൊക്കെ തങ്ങളുടേതായ രീതിയിൽ സംഭാവന നൽകിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. മത്സരത്തിൽ 71 പന്തുകളിൽ 108 റൺസാണ് ഓജ നേടിയത്. ഇന്നിംഗ്സിൽ 15 ബൗണ്ടറികളും രണ്ടു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. അങ്ങനെ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ 195 റൺസിൽ എത്തി.
മറുപടി ബാറ്റിങ്ങിൽ മഞ്ഞുതുള്ളികൾ ശ്രീലങ്കയെ സഹായിക്കുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യൻ ബോളർമാർ പിച്ച് നല്ല രീതിയിൽ ഉപയോഗിച്ചതോടെ ശ്രീലങ്ക തകരാൻ തുടങ്ങി. 22 പന്തിൽ 51 റൺസ് നേടിയ ജയരത്നെയ്ക്ക് ഒഴികെ മറ്റാർക്കും ശ്രീലങ്കൻ നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അങ്ങനെ മത്സരത്തിൽ ഇന്ത്യ 33 റൺസിന് വിജയം കാണുകയും കിരീടം ചൂടുകയും ചെയ്തു.