ലോകകപ്പ് ആവേശങ്ങൾ അലയടിക്കാൻ തുടങ്ങിയിരിക്കുന്നു. 15 ടീമുകൾ ഒരു ട്രോഫിക്കായി ഏറ്റുമുട്ടുമ്പോൾ ലോകത്തിന്റെ ക്രിക്കറ്റ് കണ്ണുകൾ ഓസ്ട്രേലിയയിലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. നിലവിൽ ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ആരംഭിച്ചിട്ടുണ്ട്. പോരാട്ടങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാർക്ക് ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ടിലേക്ക് ടിക്കറ്റ് ലഭിക്കും. ഒക്ടോബർ 22 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിനിടെ പ്രവചനങ്ങളുമായി പല മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. ട്വന്റി20 ലോകകപ്പിൽ ആരൊക്കെ സെമിഫൈനലിൽ എത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇപ്പോൾ.
നിലവിൽ പല മുൻ ക്രിക്കറ്റർമാരും തങ്ങളുടെ ലോകകപ്പിലെ ഫേവറേറ്റ് ടീമുകളായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയും ഓസ്ട്രേലിയയെയുമാണ്. സച്ചിന്റെ അഭിപ്രായത്തിലും ഇരുടീമുകളും സെമി ഫൈനലിലെത്തും. ഇതോടൊപ്പം ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്ന വിശ്വാസത്തിൽ തന്നെയാണ് സച്ചിൻ. ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുന്ന നാല് ടീമുകളെപറ്റി സച്ചിൻ പറയുന്നതിങ്ങനെ.
“ഇന്ത്യ ലോകകപ്പ് ട്വന്റി20 ചാമ്പ്യന്മാരാവണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ടോപ്പ് ഫോർ ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ്. അതോടൊപ്പം ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും ടൂർണമെന്റിലെ കറുത്ത കുതിരകളാവും. കാരണം ദക്ഷിണാഫ്രിക്കയിലെ സെപ്റ്റംബർ-ഒക്ടോബർ മാസത്തെ സാഹചര്യങ്ങളുമായി ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾക്ക് സാമ്യതയുണ്ട്. അതിനാൽ അവർ ഇത്തരം കണ്ടീഷനിൽ കളിച്ചു വന്നവരാണ്.”- സച്ചിൻ പറഞ്ഞു.
ഒക്ടോബർ 23നാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ സൂപ്പർ പന്ത്രണ്ട് മത്സരം നടക്കുക. മത്സരത്തിൽ ഇന്ത്യ ബദ്ധശത്രുക്കളായ പാകിസ്ഥാനെ നേരിടും. മെൽബണാണ് മത്സരത്തിന് വേദിയാവുക. ടൂർണമെന്റിന്റെ രണ്ട് സാധ്യതാടീമുകൾ ആയതിനാൽ തന്നെ ഈ മത്സരത്തിൽ ആവേശം വർദ്ധിക്കുമെന്ന് ഉറപ്പാണ്.