രോഹിത് ഇനി ഓപ്പണറായി ഇറങ്ങേണ്ട പകരം ഇനിയുള്ള മത്സരങ്ങളിൽ ഇവൻ ഇറങ്ങണം കനേറിയ

   

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20യിലും ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ 11 റൺസ് മാത്രമെടുക്കാതെ രോഹിത്തിന് സാധിച്ചുള്ളൂ. കഴിഞ്ഞ ഏഷ്യാകപ്പിലും രോഹിത് മികച്ച തുടക്കങ്ങൾ നൽകിയിരുന്നെങ്കിലും അത് വലിയ ഇന്നിംഗ്സുകളാക്കി മാറ്റുന്നതിൽ പൂർണമായും പരാജയപ്പെട്ടിരുന്നു. രോഹിത് ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ മൂന്നാമനായി ഇനിയുള്ള മത്സരങ്ങളിൽ ഇറങ്ങണമെന്ന അഭിപ്രായമാണ് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയയ്ക്കുള്ളത്. ഇതോടൊപ്പം വിരാട് കോഹ്ലിയെ ഇന്ത്യ ഓപ്പണറായി പരിഗണിക്കണമെന്നും കനേറിയ പറയുന്നു.

   

“രോഹിത് ശർമ വേണ്ടരീതിയിൽ റൺസ് നേടുന്നില്ല. നമ്മൾ ഏഷ്യാകപ്പിലും ഇത് കണ്ടതാണ്. അയാൾക്ക് മികച്ച തുടക്കങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അത് വലിയ ഇന്നിങ്സായി മാറ്റുന്നതിൽ പൂർണ്ണമായും പരാജയപ്പെടുന്നു. അതിനാൽ രോഹിത്തിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തേണ്ടതുണ്ട്. രോഹിത് മൂന്നാം നമ്പറിലേക്ക് പോവുകയും കോഹ്‌ലിയെ ഇന്ത്യയുടെ ഓപ്പണറായി ഇറക്കുകയും ചെയ്യണം. അല്ലെങ്കിൽ കെ എൽ രാഹുലിനെ 3ആം നമ്പറിൽ ഇറക്കി, വിരാടും രോഹിതും ഓപ്പണറായി ഇറങ്ങണം.”- കനേറിയ പറയുന്നു.

   

ഇതോടൊപ്പം ആദ്യ ട്വന്റി20യിൽ വിരാട് കോഹ്ലി പുറത്തായ ഷോട്ടിനെ വിമർശിക്കാനും ഡാനിഷ് കനേറിയ മറന്നില്ല. “അനാവശ്യഷോട്ടാണ് വിരാട് കോഹ്‌ലി കളിച്ചത്. ആ സമയത്ത് അങ്ങനെ ഒരു ഷോട്ടിന്റെ ആവശ്യകതയെ ഉണ്ടായിരുന്നില്ല. ഇത്തരം ഷോട്ടുകൾക്ക് ശ്രമിക്കുന്നതിനു മുൻപ് വിരാട് അല്പസമയം ക്രീസിൽ ചെലവഴിക്കാൻ ശ്രമിക്കേണ്ടതായിരുന്നു.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

കഴിഞ്ഞ ഏഷ്യാകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 133 റൺസായിരുന്നു രോഹിത് നേടിയത്. ഇതിൽ 72 റൺസ് പിറന്നത് ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 4 മത്സരത്തിലായിരുന്നു. എന്നാൽ 151.3 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് രോഹിത്തിനുണ്ട്. എന്നിരുന്നാലും രോഹിത്തിൽ നിന്ന് വമ്പൻ സ്കോറുകൾ ഉണ്ടാവാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *