ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ വളരെയധികം നിരാശപ്പെടുത്തിയത് മുൻനിര ബാറ്റർമാരുടെ മോശം പ്രകടനമായിരുന്നു. ഈ മത്സരത്തിനുശേഷം ഇന്ത്യയുടെ ഓപ്പണർ കെ എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന രീതിയിൽ പല മുൻ ക്രിക്കറ്റർമാരും രംഗത്ത് വരികയുണ്ടായി. എന്നാൽ ഇതിനെല്ലാമുള്ള മറുപടി നൽകി സംസാരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ്.
തങ്ങളുടെ വാക്കുകളിലും പ്രവൃത്തിയിലും കെഎൽ രാഹുലിന് ഇതുവരെ പിന്തുണ നൽകുകയാണ് ചെയ്തതെന്നും ഇനിയും അതുതന്നെ ആവർത്തിക്കുമെന്നുമാണ് രാഹുൽ ദ്രാവിഡ് പറഞ്ഞത്. “കെഎൽ രാഹുൽ അവിസ്മരണീയ ക്രിക്കറ്റർ തന്നെയാണ്. അയാൾ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഓസ്ട്രേലിയയിലെ കണ്ടീഷൻ ലോകത്തിലെ ഏതു ഓപ്പണിങ് ബാറ്റർമാരെ എടുത്ത് പരിശോധിച്ചാലും പ്രയാസകരം തന്നെയാണ്. എന്നെയും രോഹിത്തിനെയും സംബന്ധിച്ച് ആര് ഇന്ത്യക്കായി ഓപ്പൺ ചെയ്യണമെന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കെഎൽ രാഹുലിന് എത്രമാത്രം സ്വാധീനം ചെലുത്താനാവുമെന്ന് എനിക്കറിയാം.”- ദ്രാവിഡ പറയുന്നു.
ഇതോടൊപ്പം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തിൽ ഇന്ത്യ കുറച്ചധികം തെറ്റുകൾ വരുത്തിയതായും രാഹുൽ ദ്രാവിഡ് പറയുകയുണ്ടായി. “ലോകകപ്പ് ജയിക്കണമെങ്കിൽ നമ്മൾ വളരെ നന്നായി കളിച്ചേ മതിയാകൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നമ്മൾക്ക് കുറച്ചു തെറ്റുകൾ പറ്റുകയുണ്ടായി.”-രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ദിനേശ് കാർത്തിക്കിന്റെ പരിക്കിനെ സംബന്ധിച്ച വിവരങ്ങളും രാഹുൽ നൽകുകയുണ്ടായി. “കാർത്തിക്കിന് നല്ല ഭേദമുണ്ട്. അയാൾ പരിശീലനത്തിനായി എത്തുകയുണ്ടായി. നാളെ രാവിലെയെ ഞങ്ങൾ കാർത്തിക്കിന്റെ മത്സരത്തിലെ പങ്കാളിത്തത്തെകുറിച്ച് തീരുമാനിക്കു.”- രാഹുൽ ദ്രാവിഡ് പറഞ്ഞുവെക്കുന്നു.