“ഞാൻ ഇന്ത്യയ്ക്കായി മാത്രമേ കളിക്കൂ!! മറ്റൊരു രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ല”- സഞ്ജു സാംസൺ
കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യൻ ടീമിൽ ഏറ്റവുമധികം അവഗണനകൾ ലഭിച്ച ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യക്കായി 2015ൽ തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ച സഞ്ജുവിന് ഇന്ത്യയുടെ സ്ഥിര സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല. ഈ ഏഴു വർഷങ്ങൾക്കിടയിൽ തന്റെ കരിയറിൽ 27 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. എന്നാൽ ഇതിനുശേഷം ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവരികയുണ്ടായി. തങ്ങളുടെ ടീമിൽ കളിക്കാൻ അയർലൻഡ് ക്രിക്കറ്റ് ബോർഡ് സഞ്ജുവിനെ ക്ഷണിച്ചതാണ് വാർത്തയായത്.
റിപ്പോർട്ടുകൾ പ്രകാരം അയർലൻഡ് ക്രിക്കറ്റ് തങ്ങളുടെ ആലോചനകൾക്ക് ശേഷമായിരുന്നു സഞ്ജുവിന് ഈ അവസരം വെച്ച് നീട്ടിയത്. കഴിഞ്ഞ സമയങ്ങളിൽ ഏഷ്യാകപ്പിൽ നിന്നും, ട്വന്റി20 ലോകകപ്പിൽ നിന്നും, ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും ഇന്ത്യ സഞ്ജുവിനെ മാറ്റി നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അയർലണ്ടിന്റെ ഈ ശ്രമം. തങ്ങളുടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കാം എന്ന ഉറപ്പ് അയർലൻഡ് നൽകുന്നുണ്ട്. എന്നിരുന്നാലും അങ്ങനെ ഒരു അവസരം സ്വീകരിക്കണമെങ്കിൽ സഞ്ജുവിന് ഐപിഎല്ലിൽ നിന്നും, ഇന്ത്യയുടെ എല്ലാത്തരം ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടി വരും.
എന്നാൽ ഈ അവസരം സഞ്ജു തെല്ലും മടിയില്ലാതെ നിരസിക്കുകയാണ് ചെയ്തത്. തന്നെ പരിഗണിച്ചതിൽ സഞ്ജു അയർലൻഡ് ക്രിക്കറ്റ് ബോർഡിനോട് നന്ദി പറയുന്നു. എന്നാൽ താൻ ഇന്ത്യക്കായി മാത്രമേ കളിക്കുള്ളൂവെന്നും, മറ്റൊരു രാജ്യത്തിനായി കളിക്കുന്നത് തനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല എന്നുമാണ് സഞ്ജു അയർലൻഡ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചത്.
നിലവിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. മൂന്നുവർഷത്തിനുശേഷമാണ് സഞ്ജു ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ഒപ്പം ജനുവരിയിൽ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജു ടീമിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.