ലോകക്രിക്കറ്റിനെ തന്നെ പ്രകമ്പനം കൊള്ളിച്ച മത്സരമായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നത്. ഒരുപാട് വമ്പനടികൾ പിറന്നില്ലെങ്കിലും മത്സരത്തിൽ ആദ്യാന്ത്യം ആവേശമുണ്ടായിരുന്നു. മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിലായിരുന്നു ഇന്ത്യ 5 വിക്കറ്റ് വിജയം നേടിയത്. എന്നാൽ പാകിസ്ഥാന് തങ്ങൾക്കേറ്റ പരാജയത്തിനു പകരംവീട്ടാൻ അവസരം നൽകിയാണ് സൂപ്പർ4ലെ മത്സരക്രമം പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ നാലിന് നടക്കുന്ന സൂപ്പർ 4ലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീമിനോട് മധുരപ്രതികാരം ചെയ്യാനൊരുങ്ങുകയാണ് പാകിസ്ഥാൻ.
ഹോങ്കോങ്ങിനെ പൂർണ്ണമായും ചുരുട്ടിക്കെട്ടിയായിരുന്നു പാകിസ്താൻ സൂപ്പർ4ലേക്ക് യോഗ്യത നേടിയത്. ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിനാൽ തന്നെ നിർണായകമായിരുന്നു പാകിസ്ഥാന് ഹോങ്കോങ് മത്സരം. എന്നാൽ എല്ലാ ടീമിനെയും ഭയപ്പെടുത്തുന്ന രീതിയിലാണ് പാകിസ്ഥാൻ മത്സരത്തിൽ ജയിച്ചത്. ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകളാണ് സൂപ്പർ 4നായി യോഗ്യത നേടിയിട്ടുള്ളത്. നമുക്ക് സൂപ്പർ 4ലെ മത്സരങ്ങൾ പരിശോധിക്കാം.
ഇന്നു വൈകിട്ട് 7.30നാണ് സൂപ്പർ4ലെ ആദ്യ മത്സരം നടക്കുന്നത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് റൗണ്ടിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ അഫ്ഗാനിസ്ഥാനായിരുന്നു വിജയിച്ചത്. സെപ്റ്റംബർ 4 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകക്രിക്കറ്റ് കാത്തിരിക്കുന്ന പോരാട്ടം നടക്കുക. പിന്നീട് സെപ്റ്റംബർ ആറിന് ഇന്ത്യ ശ്രീലങ്കയെ നേരിടും.
സെപ്റ്റംബർ ഏഴാം തീയതി അഫ്ഗാനിസ്ഥാനോടാണ് പാക്കിസ്ഥാന്റെ, റൗണ്ടിലെ രണ്ടാം മത്സരം നടക്കുക. സെപ്റ്റംബർ എട്ടിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഈ റൗണ്ടിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്ക് പാകിസ്താൻ എതിരാളികളാവും. ഇത്രയും മത്സരങ്ങൾക്ക് ശേഷം ഏറ്റവുമധികം പോയ്ന്റ്സ് നെടുന്ന രണ്ട് ടീമുകൾ സെപ്റ്റംബർ 11ന് ഏഷ്യാകപ്പ് ഫൈനലിൽ കളിക്കും. എന്തായാലും ക്രിക്കറ്റിലെ ഒരു വലിയ സമയം തന്നെയാണ് മുൻപിലുള്ളത് എന്ന് ഉറപ്പാണ്.