2022 ലോകകപ്പിന് മുമ്പായി പല മുൻ താരങ്ങളും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പ്രവചനങ്ങൾ നടത്തുകയുണ്ടായി. ഈ ലോകകപ്പിലെ കിരീടജേതാക്കളാവാൻ സാധ്യത ഇന്ത്യൻ ടീമിനുണ്ട് എന്നാണ് പലരും പ്രവചിച്ചത്. എന്നാൽ കഴിഞ്ഞകുറച്ച് മത്സരങ്ങളിലെ പ്രകടനവും പരിക്കുമൊക്കെ ഇതിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ താരം സ്റ്റീവ് ഹാർമിസൻ. ഇന്ത്യൻ ടീമിന് ലോകകപ്പിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും വെല്ലുവിളിയുയർത്തും എന്നാണ് ഹാർമിസൻ പറയുന്നത്.
കഴിഞ്ഞ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്തുന്നതിനൊപ്പം വിരാട് കോഹ്ലിയുടെ നിലവിലെ ഫോമും കണക്കിലെടുത്താണ് ഹാർമിസൻ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “ലോകകപ്പിൽ ഇന്ത്യൻ ടീമിനെ വട്ടം കറക്കാൻ പോകുന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാവും.”-ഹാർമിസൻ കുറിച്ചു. ഇതോടൊപ്പം കോഹ്ലി ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരനായി മാറുമെന്നും ഹാർമിസൻ പ്രവചിക്കുന്നു.
“ട്വന്റി20 എന്നാൽ ഒരൊറ്റ നിമിഷത്തെ ബുദ്ധിപരമായ ചിന്തയെ പോലും ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ മികച്ച രീതിയിലാണ് ഇന്ത്യ കളിക്കുന്നതെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ കോഹിലിക്ക് മികച്ച കുറച്ച് ഇന്നിംഗ്സുകളിലൂടെ ഇന്ത്യയെ ലോകകപ്പിന്റെ സെമിഫൈനൽ വരെ എത്തിക്കാൻ സാധിച്ചേക്കും. കാരണം അത്ര മികച്ച ക്രിക്കറ്ററാണ് കോഹ്ലി “- ഹാർമിസൻ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ട്വന്റി20 ക്രിക്കറ്റിന്റെ സവിശേഷതയെക്കുറിച്ചും ഹാർമിസൻ പറയുകയുണ്ടായി. ഒരു ദിവസം ഏതൊരു ക്രിക്കറ്റർക്കും ട്വന്റി20യിൽ ഹീറോയായി മാറാൻ സാധിക്കുമെന്നും അതാണ് ട്വന്റി20 ക്രിക്കറ്റെന്നും ഹാർമിസൻ പറയുന്നു. അങ്ങനെയുള്ള ഒരുപാട് മാച്ച്വിന്നർമാരുള്ള ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും പാകിസ്ഥാനും ഇന്ത്യയുമൊക്കെ എന്ന് ഹാർമിസൻ അവകാശപ്പെടുന്നു.