ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിനാണ് പേസർമാരായ അർഷദീപ് സിംഗും ഉമ്രാൻ മാലിക്കും ഏകദിനങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ അർഷദീപിന് വലിയ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും ഉമ്രാൻ പലരെയും ഞെട്ടിച്ചു. വ്യത്യസ്തമായ വേരിയേഷനുകൾ കൊണ്ട് ശ്രദ്ധ നേടിയെടുക്കാൻ മാലിക്കിന് സാധിച്ചു. നിശ്ചിത പത്ത് ഓവറുകളിൽ 66 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റുകളായിരുന്നു മാലിക്ക് മത്സരത്തിൽ നേടിയത്. ഉമ്രാൻ മാലിക്കിന് ട്വന്റി20യെക്കാൾ യോജിക്കുന്നത് ഏകദിന ക്രിക്കറ്റാണ് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ ഇപ്പോൾ പറയുന്നത്.
ഇരു ബോളർമാരുടെ പ്രകടനങ്ങളും താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ജാഫർ. “ട്വന്റി20യെകാൾ ഉമ്രാൻ മാലിക്കിന് യോജിക്കുന്നത് ഈ ഫോർമാറ്റ് ആണ്. നമ്മൾ ഐപിഎല്ലിൽ മാലിക്കിനെ കണ്ടതാണ്. അയാൾക്ക് ഏകദിനവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് വേരിയേഷനുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഏകദിനത്തിൽ മാലിക്കിന് ഷോട്ട് ബോളുകൾ നന്നായി ഉപയോഗിക്കാൻ സാധിക്കും. അർഷദീപ് ഇതിനോട് യോജിച്ചിട്ടുണ്ട്. അവനൊരു നിലവാരമുള്ള ബോളറാണ്. പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകും.”- ജാഫർ പറഞ്ഞു.
“രണ്ട് അരങ്ങേറ്റക്കാരും ആദ്യ മത്സരത്തിൽ നന്നായി തന്നെ കളിച്ചു. മാലിക്ക് രണ്ട് വിക്കറ്റുകൾ നേടി. അപകടകാരിയായി തോന്നി. അർഷദ്വീപിനെ കുറച്ചു സമയമായി നിരീക്ഷിക്കുന്നുണ്ട്. അവന് വളരെയധികം കഴിവുകളുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രധാന കളിക്കാരനാവും. ലോകകപ്പിലേക്ക് മാത്രമല്ല, ഇനി വരാൻ പോകുന്ന വർഷങ്ങളിലേക്കും അർഷദീപ് ഇന്ത്യക്ക് മുതൽക്കൂട്ടാണ്.”- ജാഫർ കൂട്ടിച്ചേർത്തു.
ആദ്യമത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ഇന്ത്യ അർഷദീപിനെയും ഉമ്രാനെയും ടീമിൽ ഉൾപ്പെടുത്തിയത് പ്രശംസനീയം തന്നെയായിരുന്നു. വരുന്ന മത്സരങ്ങളിലും ഇന്ത്യ ഈ പരീക്ഷണങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.