ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ പരാജയം പല മുൻ ക്രിക്കറ്റർമാരെയും ചോടിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളിലും വ്യക്തതയില്ലാതെ കളിച്ചതാണ് ഇന്ത്യ മത്സരത്തിൽ പരാജയം നേരിടാൻ കാരണമായതെന്ന് പലരും പറയുകയുണ്ടായി. മത്സരത്തിലെ നിർണായ നിമിഷത്തിൽ മേഹദി ഹസ്സൻ നൽകിയ ക്യാച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ രാഹുൽ കൈവിട്ടിരുന്നു. ഒപ്പം അവസാന ഓവറുകളിൽ ഇന്ത്യയുടെ ബോളർമാർ ഒരു യോർക്കർ പോലും എറിയാൻ ശ്രമിച്ചില്ല. ഇതേ സംബന്ധിച്ചാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.
മെഹദി ഹസന്റെ ക്യാച്ച് രാഹുൽ നഷ്ടപ്പെടുത്തിയത് തികച്ചും ബാലിശം തന്നെയായിരുന്നു എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. “എന്താണ് രാഹുൽ ചെയ്യാൻ ശ്രമിച്ചത്? എനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണ് അയാൾ ആ ക്യാച്ചെടുക്കാൻ ശ്രമിച്ചത്? ഒരു ഫീൽഡർ മുൻപിലേക്ക് ഓടിവരുമ്പോൾ അയാൾക്കാണ് ആ ക്യാച്ച് സ്വന്തമാക്കാൻ അവസരം എന്ന അടിസ്ഥാന കാര്യം രാഹുലിന് അറിയില്ലേ?
രാഹുൽ പിന്നിലേക്ക് ഓടുകയും ഒട്ടും അഭികാമ്യമല്ലാത്ത രീതിയിൽ ക്യാച്ച് സ്വന്തമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. എങ്ങനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്?- കനേറിയ ചോദിക്കുന്നു. ഇതോടൊപ്പം ഇന്ത്യയുടെ അവസാന ഓവറുകളിലെ മോശം ബോളിങ്ങിനെയും ഡാനിഷ് കനേറിയ വിമർശിക്കുകയുണ്ടായി. “മത്സരത്തിന്റെ അവസാനഭാഗത്ത് ഒരു ബോളർ പോലും യോർക്കർ എറിയാൻ ശ്രമിച്ചില്ല. അവർ മെഹദി ഹസനെതിരെ ഷോട്ട് ബോളുകളും ലെങ്ത് ബോളുകളും എറിഞ്ഞു. ഇത്തരം ബോളിംഗാണോ നിങ്ങൾ പഠിച്ചത്? ഇങ്ങനെയാണോ നമ്മൾ ഐപിഎല്ലിൽ ബോൾ ചെയ്യുന്നത്?”- ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയ്ക്കായി മത്സരത്തിൽ മുഹമ്മദ് സിറാജ് മൂന്നും, കുൽദീപ് സെന്നും വാഷിംഗ്ടൺ സുന്ദറും രണ്ടും വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ഇന്ത്യൻ ബോളർമാർ പരാജയപ്പെട്ടു. ഇത് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമായി.