ഇനി ട്വന്റി20യിൽ തട്ടലും മുട്ടലും ഇല്ല!! ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തൂക്കിയടിയുടെ തമ്പുരാൻമാർ!!
ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ട്വന്റി20 സ്ക്വാഡിൽ ഹർദിക്ക് പാണ്ഡ്യയാണ് നായകൻ. സീനിയർ താരങ്ങൾക്കൊക്കെയും വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ യുവതാരങ്ങളാണ് അണിനിരക്കുന്നത്. 2024 ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയൊരു ട്വന്റി20 ടീം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം അഭിനന്ദനീയം തന്നെയാണ്. എന്നിരുന്നാലും ട്വന്റി20 നായകനായി ഹർദിക്കിനെ നിശ്ചയിച്ചതിലൂടെ വലിയൊരു ഉത്തരവാദിത്വമാണ് അയാളിൽ കൈവന്നിരിക്കുന്നത് എന്നാണ് മുൻ ക്രിക്കറ്റർ സാബാ കരീം പറയുന്നത്.
ഹർദിക്കിനെ നായകനാക്കാനുള്ള സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് കരീം പറയുന്നു.”ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയെടുത്ത വലിയൊരു ചുവടുവെപ്പ് തന്നെയാണിത്. ഈ വർഷം ട്വന്റി20 ലോകകപ്പില്ലെന്നും 2024 ലാണ് ഉള്ളതെന്നും അവർ മനസ്സിലാക്കി. അതിനാൽ തന്നെ വലിയൊരു ഉത്തരവാദിത്വം ഹർദിക്കിന് നൽകി. അയാൾ ടീമിനെ നയിക്കും. “- സാബാ കരീം പറയുന്നു.
“ടീമിൽ ഒരുപാട് യുവതാരങ്ങളുണ്ട്. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ… സെലക്ടർമാർ കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് 2023ലെ ഏകദിന ലോകകപ്പിലാണ്. അതിനാൽതന്നെ ട്വന്റി20 ടീം കെട്ടിപ്പടുക്കാൻ സമയമുണ്ട്.”- കരീം കൂട്ടിച്ചേർക്കുന്നു.
ഒപ്പം സൂര്യകുമാർ യാദവിനെടീമിന്റെ ഉപനായകനാക്കിയതും നല്ല തീരുമാനമാണെന്ന് കരീം പറയുന്നു. “സൂര്യകുമാർ യാദവിനെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് നല്ല തീരുമാനം തന്നെയാണ്. ട്വന്റി20 ക്രിക്കറ്റിൽ അയാൾ ഒരു വലിയ കളിക്കാരനാണ്. ഇത് അയാൾ അർഹിച്ചതാണ്. ഇത്തരം ആക്രമണപരമായ ക്രിക്കറ്റ് കളിക്കുന്ന കളിക്കാരെ നമ്മൾ മുൻപിലേക്ക് കൊണ്ടുവരണം. ഹർദ്ദിക്കും സൂര്യയും തമ്മിലുള്ള കോമ്പിനേഷൻ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.”- കരീം പറഞ്ഞുവയ്ക്കുന്നു.