എത്ര കളിച്ചാലും പന്തിന്റെ പകരക്കാരനാവില്ല സഞ്ജു വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രതികരണം

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു സഞ്ജു സാംസനും ഇഷാൻ കിഷനും കാഴ്ചവച്ചിരുന്നത്. ഇരുവരുടെയും വമ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ 2023ലെ 50 ഓവർ ലോകകപ്പ് വരാനിരിക്കെ ശ്രദ്ധിക്കപ്പെടുമെന്ന് പല മുൻ ക്രിക്കറ്റർമാരും വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന് എതിരഭിപ്രായവുമായാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫർ രംഗത്ത് വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും സഞ്ജുവിനും ഇഷാൻ കിഷനും ഇന്ത്യൻ ടീമിൽ റിഷഭ് പന്തിന് പകരക്കാരനാവാൻ സാധിക്കില്ല എന്നാണ് വസീം ജാഫർ പറയുന്നത്.

   

സഞ്ജു സാംസൻ ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കേണ്ടതുണ്ടെന്നും എന്നാൽ റിഷഭ് പന്തിന് പകരമല്ല എന്നുമാണ് ജാഫർ പറയുന്നത്. “പന്തിന് പകരം സഞ്ജുവിനെയോ ഇഷാൻ കിഷനെയോ ഉൾപ്പെടുത്തുന്നതിൽ ഞാൻ യോജിക്കുന്നില്ല. ഇംഗ്ലണ്ടിൽ പന്ത് നേടിയ ആ മികച്ച സെഞ്ചുറി നമുക്ക് അത്ര വേഗത്തിൽ മറക്കാനാവില്ലല്ലോ. അത് ഏകദിനത്തിൽ ആയിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ പന്ത് സ്ഥിരതയില്ലാത്ത ക്രിക്കറ്ററാണ് എന്ന് വ്യക്തമാണ്.

   

പ്രത്യേകിച്ച് നാല്-അഞ്ച് നമ്പറുകളിൽ. എന്നാൽ ടെസ്റ്റിലും ഏകദിനങ്ങളിലും പന്തിന് പകരക്കാരനാവാൻ ആരുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്”- ജാഫർ പറയുന്നു. “കെഎൽ രാഹുലിന് വിക്കറ്റ് കീപ്പറാവാൻ സാധിക്കും. സഞ്ജുവും നന്നായി കളിക്കുന്നുണ്ട്. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിൽ പന്തിന് പകരക്കാരനാവാൻ ഇവരെക്കൊണ്ടൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. സഞ്ജു സാംസൺ തീർച്ചയായും ടീമിലുണ്ടാവണം. പക്ഷേ പകരക്കാരനായി ആവരുത്.”- ജാഫർ കൂട്ടിച്ചേർത്തു.

   

നിലവിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര പന്തിന് നഷ്ടമായിരുന്നു. ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ട്വന്റി20 ലോകകപ്പിന്റെ പരിശീലനങ്ങൾക്കായി പോയതിനാലായിരുന്നു പന്തിന് പരമ്പര നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *