കോഹ്ലിയ്ക്ക് ഇത്രമാത്രം വിമർശനങ്ങൾ നേരിടേണ്ടിവരുന്നതിന്റെ കാരണം മാർക്ക് വോ പറയുന്നു

   

ഇന്ത്യൻ ടീമിൽ ഏറ്റവുമധികം പ്രശംസകൾ ഏറ്റുവാങ്ങുകയും, അതിലുമധികം വിമർശനങ്ങൾ കേൾക്കുകയും ചെയ്യുന്ന ക്രിക്കറ്ററാണ് വിരാട് കോലി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായതിനാൽ തന്നെ കോഹ്ലിയുടെ ഓരോ ഇന്നിങ്സിനും വലിയ പ്രതികരണങ്ങൾ വരാറുണ്ട്. ഇപ്പോൾ കോഹ്‌ലിയുടെ ഇന്ത്യൻ ടീമിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ബാറ്റർ മാർക്ക് വോ.

   

എന്തുകൊണ്ടാണ് വിരാട് കോഹ്ലിക്ക് ഇത്രമാത്രം വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് എന്നാണ് മാർക്ക് വോ പറയുന്നത്. “വിരാട് കോഹ്ലി ഒരു മികച്ച കളിക്കാരനാണ്. അതിനാൽ തന്നെ എല്ലാവർക്കും അയാളിലുള്ള പ്രതീക്ഷയും വളരെ വലുതാണ്. അയാൾ ഒരുപാട് റൺസ് കണ്ടെത്തിയില്ലെങ്കിൽ ആളുകൾ അയാളുടെ പ്രകടനങ്ങളെകുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കും. ഇങ്ങനെ ആളുകൾ അയാളുടെ ഓരോ ചലനങ്ങളും പിന്തുടരുന്നതിൽ തന്നെ അയാൾക്ക് വലിയ രീതിയിൽ സമ്മർദ്ദമുണ്ട്. ഒരു ബാറ്ററെ സംബന്ധിച്ച് എല്ലാ ദിവസവും എല്ലാ ഇന്നിംഗ്സിലും റൺസ് കണ്ടെത്തുക എന്നത് പ്രയാസകരമാണ് “- മാർക്ക് വോ പറയുന്നു.

   

“ഏത് ക്രിക്കറ്ററുടെ ജീവിതത്തിലും തന്റെ ഫോം ഇല്ലാതാവുന്ന ഒരു സമയം ഉണ്ടാവും. കോഹ്‌ലിയും മറ്റെല്ലാ ക്രിക്കറ്റർമാരെയും പോലെ ഒരാളാണ്. എന്നിരുന്നാലും ഞാൻ ഇപ്പോഴും കരുതുന്നത് ലോകക്രിക്കറ്റ് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റർ കോഹ്ലി തന്നെയാണെന്നാണ്. ഈ വരുന്ന ലോകകപ്പിലും അയാൾ നന്നായി തന്നെ കളിക്കും എന്ന് ഉറപ്പാണ്.”- മാർക്ക് വോ കൂട്ടിച്ചേർത്തു.

   

2014ലേയും 2016ലേയും ട്വന്റി20 ലോകകപ്പുകളിൽ പ്ലെയർ ഓഫ് ടൂർണ്ണമെന്റ് ആയിരുന്നു വിരാട് കോഹ്ലി. 2014ൽ 6 മത്സരങ്ങളിൽനിന്ന് 106 ശരാശരി 319 റൺസായിരുന്നു കോഹ്ലി നേടിയത്. 2016ൽ 5 മത്സരങ്ങളിൽ നിന്ന് 136 റൺസ് ശരാശരിയിൽ 273 റൺസും. ഇത്തവണയും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച് വിരാട് ഇന്ത്യയ്ക്ക് ലോകകപ്പ് നൽകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *