ഇംഗ്ലീഷ്ക്കാർക്ക് മന്ദന വക പൂരയടി ഇന്ത്യൻ ടീമിന്റെ വിജയഗാഥ

   

വീണ്ടും സ്മൃതി മന്ദനയുടെ തേരിലേറി ഇന്ത്യൻ വിജയഗാഥ. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ വമ്പൻ വിജയം നേടിയിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ട് ടീം ആയിരുന്നു. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർമാരെ ക്രീസിൽ നിർത്തി വട്ടം കറക്കുന്ന ഇന്ത്യൻ ബൗളർമാരെയാണ് മത്സരത്തിന്റെ ആദ്യം കണ്ടത്. ഇംഗ്ലണ്ട് മുൻനിരയ്ക്ക് വേണ്ടവിധത്തിൽ സംഭാവന നൽകാൻ സാധിച്ചില്ല.

   

ഒരു സമയത്ത് 26 ഓവറുകളിൽ 94 ന് 5 എന്ന നിലയിൽ സമ്മർദത്തിലായ ഇംഗ്ലണ്ടിനെ മധ്യനിരയും വാലറ്റം ചേർന്ന് കൈപിടിച്ചു കയറ്റുകയായിരുന്നു. 61 പന്തുകളിൽ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 50 റൺസ് നേടിയ റീചാർഡ്സാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നെടുംതൂണായത്. കൂടാതെ ചാർലെറ്റ് ഡീനും(24) വ്യാറ്റും(43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇംഗ്ലണ്ട് 227 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിലെത്തി. ഇന്ത്യൻ നിരയിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയായിരുന്നു ബോളിങ്ങിൽ മികച്ചുനിന്നത്.

   

മറുപടി ബാറ്റിങ്ങിൽ എല്ലാവരും പ്രതീക്ഷിച്ചത്പോലെ സ്മൃതി മന്ദന അടിച്ചു തകർക്കുന്നതാണ് കണ്ടത്. എന്നാൽ ഷഫാലി വർമ്മ(1)യെ കേറ്റ് ക്രോസ് ആദ്യമേ കൂടാരം കയറ്റി. എന്നാൽ മൂന്നാം നമ്പർ ബാറ്ററായിറങ്ങിയ യാഷ്ടിക ഭാട്ടിയ മന്ദനയ്ക്കൊപ്പം ക്രീസിൽ ഉറച്ചതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈപ്പിടിയിലാവുകയിരുന്നു. മന്ദന 99 പന്തിൽ 10 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 91 റൺസാണ് മത്സരത്തിൽ നേടിയത്. ഭാട്ടിയ 47 പന്തിൽ 50 റൺസും.

   

ഭാട്ടിയയുടെ വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ(71)വളരെ പക്വതയോടെ ബാറ്റ് വീശിയതോടെ ഇന്ത്യൻ ടീം അനായാസം വിജയം നേടുകയായിരുന്നു. 45ആം ഓവറിൽ തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു. 7 വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. എന്തായാലും സ്മൃതി മന്ദനയുടെയും ഹർമൻപ്രീതിന്റെയും പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *