ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ്. നിരവധി യുവക്രിക്കറ്റർമാർക്ക് ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്താൻ അവസരം ലഭിച്ചു. ഇപ്പോൾ വനിതകൾക്കായുള്ള ഐപിഎൽ ഒരുക്കുകയാണ് ബിസിസിഐ. 2023 മുതലാണ് വനിത ഐപിഎൽ ആരംഭിക്കുക. 5 ടീമുകളായിരിക്കും വനിതാ ഐപിഎല്ലിൽ അണിനിരക്കുക. വനിത ട്വന്റി20 ലോകകപ്പ് 2023 ഫെബ്രുവരി 26ന് അവസാനിച്ച ശേഷമാവും വനിത ഐപിഎൽ ആരംഭിക്കുക.
നിലവിൽ 22 മത്സരങ്ങളടങ്ങിയ ഒരു ടൂർണമെന്റാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ ഒരു ടീമിൽ 15 അംഗങ്ങളാവും ഉണ്ടാവുക. ഓരോ ടീമിനും ആറു വിദേശ കളിക്കാരെ സ്ക്വാഡിൽ ഉൾപ്പെടുത്താനാവും. എന്നാൽ പ്ലേയിംഗ് ഇലവനിൽ പരമാവധി അഞ്ചു വിദേശ കളിക്കാരെയാവും ഉൾപ്പെടുത്താൻ സാധിക്കുക. ഇതിൽ നാലുപേർ ഐസിസിയുടെ ഫുൾ മെമ്പർ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കണം, ഒരാൾ അസോസിയേറ്റ് രാജ്യത്തുനിന്നും. ഇതുവരെ ടൂർണമെന്റിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും പുരുഷ ഐപിഎൽ തുടങ്ങുന്നതിന് മുമ്പായി വനിത ഐപിഎൽ അവസാനിപ്പിക്കാനാവും ബിസിസിഐ ശ്രമിക്കുക. അങ്ങനെ വരുമ്പോൾ 2023 മാർച്ചിലാവും വനിത ഐപിഎൽ നടക്കുക.
“പുരുഷ ഐപിഎൽ പോലെ ഹോം-എവേ ഫോർമാറ്റിൽ വനിത ഐപിഎൽ നടത്തുക അസാധ്യമാണ്. കാരണം അഞ്ചോ ആറോ ടീമുകൾ ഉള്ളപ്പോൾ ഈ ഫോർമാറ്റിൽ എല്ലാദിവസവും മത്സരങ്ങൾ നടത്താൻ സാധിക്കില്ല.”- ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു. ഇക്കാരണം കൊണ്ടുതന്നെ കാരവാൻ സ്റ്റൈലിലായിരിക്കും വനിത ഐപിഎൽ നടക്കുക. പത്തു മത്സരങ്ങൾ വീതം രണ്ടു വേദികളിലായി സംഘടിപ്പിക്കാനാണ് സാധ്യത.
പുരുഷ ഐപിഎൽ പോലെ തന്നെ വനിതാ ഐപിഎല്ലും വമ്പൻ വിജയമാകും എന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞു കുറച്ചു വർഷങ്ങളിൽ വനിതാ ക്രിക്കറ്റിനുണ്ടായ പ്രശസ്തിയാണ് ഇത്തരമൊരു പ്ലാൻ സാധ്യമാക്കാൻ ബിസിസിഐയെ സഹായിച്ചത്. എന്തായാലും വനിത ഐപിഎല്ലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.