ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാണ് വിൻഡീസ് താരം കീറോൺ പൊള്ളാർഡ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള ടൂർണമെന്റ്കളുടെ നിറസാന്നിധ്യമായ പൊള്ളാർഡ് ലോകക്രിക്കറ്റിലെ വിശ്വസ്തനായ ഓൾറൗണ്ടർ കൂടിയാണ്. ലോകത്താകമാനമുള്ള ടൂർണമെന്റുകളിൽ പൊള്ളാർഡിന്റെ ഫീൽഡിങ്ങിന് തന്നെ ഒരു പ്രത്യേകതരം ആരാധക വലയമുണ്ട്. ഇപ്പോൾ വീണ്ടും ഒരു കിടുക്കാച്ചി ക്യാച്ചിലൂടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് കീറോൺ പൊള്ളാർഡ്.
കരിബിയൻ പ്രീമിയർ ലീഗിലെ ട്രിബാഗോയും സെന്റ് ലൂഷ്യയും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു പൊള്ളാർഡിന്റെ ഈ തകർപ്പൻ ക്യാച്ച് പിറന്നത്. സെന്റ് ലൂഷ്യ ടീമിന്റെ ബാറ്റിങ്ങിലെ ഇരുപതാം ഓവറിലാണ് സംഭവം നടന്നത്. ജയ്ഡൻ സിൽസിന്റെ ബോൾ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു സെന്റ് ലൂഷ്യയുടെ മാത്യു ഫോർഡ്. എന്നാൽ ട്രിബാഗോ ക്യാപ്റ്റൻ പൊള്ളാർഡ് ഒറ്റച്ചാട്ടത്തിന് പന്ത് കൈകളിലൊതുക്കി. ശേഷം തന്റെ ബാലൻസ് നഷ്ടമായതോടെ പന്ത് ഉയരത്തിലേക്ക് എറിയുകയും, ബൗണ്ടറിയിൽ നിന്ന് മുമ്പിലേക്ക് വന്ന് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
ഫാൻകോഡാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ ക്യാച്ചെടുക്കാനുള്ള ഉയരവും പരിചയ സമ്പന്നതയും പൊള്ളാർഡിന് മാത്രമുള്ളതാണെന്നാണ് വീഡിയോയുടെ ശീർഷകം. എന്തായാലും ഇതിനോടകം തന്നെ ഈ ക്യാച്ച് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ട്രിബാഗോ ടീം ക്യാപ്റ്റൻ പൊള്ളാർഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ സെന്റ് ലൂഷ്യ 143 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ട്രിബാഗൊയ്ക്ക് ഓപ്പണർമാരെ ആദ്യമേ നഷ്ടമായി. എന്നാൽ വെബ്സ്റ്റർ(58) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതൊടെ ട്രിബാഗൊ മത്സരത്തിൽ അവസാന ഓവറിൽ വിജയം കാണുകയായിരുന്നു. എന്തായാലും ഈ ക്യാച്ച് വൈറലായിട്ടുണ്ട്.