ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ വെറും 150 റൺസിന് ബംഗ്ലാദേശിനെ ഒതുക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യക്കായി 40 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ നേടിയ കുൽദീപിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഇതോടെ ഇന്ത്യ മത്സരത്തിൽ വിജയ വഴിയിൽ എത്തിയിട്ടുണ്ട്.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 133ന് 8 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ മൂന്നാം ദിവസവും അവരെ വെറുതെ വിടാൻ കുൽദീപ് തീരുമാനിച്ചിരുന്നില്ല. ബംഗ്ലാദേശിന്റെ പത്താം നമ്പർ ബാറ്റർ എബാദത്ത് ഹുസൈനെ കുൽദീവ് യാദവ് പന്തിന്റെ കൈകളിലെത്തിച്ചു. ശേഷം മെഹദി ഹസനെ അക്ഷർ പട്ടേൽ കൂടാരം കയറ്റിയതോടെ ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. മൂന്നാം ദിവസം കേവലം 17 റൺസ് മാത്രം കൂട്ടിച്ചേർക്കാനെ ബംഗ്ലാദേശിന് സാധിച്ചിരുന്നുള്ളൂ. ഇതോടെ ആദ്യ ഇനിങ്സിൽ 254 റൺസിന്റെ ലീഡ് ഇന്ത്യക്ക് ലഭിച്ചു.
എന്നിരുന്നാലും ബംഗ്ലാദേശിനെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. പിച്ചന്റെ ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന സ്വഭാവം തന്നെയാണ് ഇതിന് കാരണം. നിലവിൽ പിച്ച് ബാറ്റിംഗിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവസാന രണ്ട് ദിവസവും സ്പിന്നർമാരുടെ കൂടെ നിൽക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ മൂന്നാം ദിവസം 200ന് മുകളിൽ നേടി, 450 നു മുകളിൽ ഒരു വിജയലക്ഷ്യം ബംഗ്ലാദേശിനു മുൻപിലേക്ക് വെച്ച് നീട്ടാനാവും ഇന്ത്യ ശ്രമിക്കുന്നത്.
കുൽദീപിന് പുറമേ മുഹമ്മദ് സിറാജും ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരത്തിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകളായിരുന്നു സിറാജ് നേടിയത്. എന്തായാലും ടെസ്റ്റിന്റെ മൂന്നാം ദിനം രാജകീയ പൊസിഷനിൽ തന്നെയാണ് ഇന്ത്യ നിൽക്കുന്നത്.