ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു കുൽദീപ് യാദവ് കാഴ്ചവച്ചത്. രണ്ടാം ദിനം ബംഗ്ലാദേശിന്റെ 4 വിക്കറ്റുകൾ കൊയ്ത യാദവ് ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തു. കുറച്ചധികം നാളുകൾക്കുശേഷമാണ് ഇന്ത്യക്കായി കുൽദീപ് ടെസ്റ്റ് കളിക്കുന്നത്. അതിനാൽ ആദ്യ കുറച്ചു ഓവറുകളിൽ പരിഭ്രാന്തിയിലാണ് താൻ പന്തെറിഞ്ഞത് എന്ന് കുൽദീപ് പറഞ്ഞു.
“ആദ്യ രണ്ട് ഓവറുകളിൽ ഞാൻ പരിശ്രമത്തിൽ ആയിരുന്നു. ആദ്യ ഓവറിൽ ഭാഗ്യം കൂടെ ഉണ്ടായിരുന്നതിനാലാണ് എനിക്ക് വിക്കറ്റ് ലഭിച്ചത്. അങ്ങനെ മത്സരത്തിൽ ഞങ്ങൾക്ക് മേൽക്കോയ്മ നേടാനും സാധിച്ചു. അതോടെ കുറച്ച് ഓവറുകൾക്ക് ശേഷം ഞാൻ സെറ്റിലായി. ശേഷം പേസും വേരിയേഷനും നന്നായി ഇടകലർത്താൻ ശ്രമിച്ചു. ഒപ്പം വിക്കറ്റിന്റെ രണ്ടുവശത്ത് നിന്നും ബോൾ ചെയ്തു. എന്തായാലും മൈതാനത്ത് നല്ല സമയമായിരുന്നു.”- കുൽദീപ് പറയുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ ജൂണിൽ നടന്ന ട്വന്റി ട്വന്റി പരമ്പരക്ക് ശേഷം കുൽദീപിന് പരിക്ക് പറ്റിയിരുന്നു. അതിനുശേഷം താൻ വരുത്തിയ മാറ്റങ്ങളെപറ്റിയും കുൽദീപ് സംസാരിക്കുകയുണ്ടായി. “ആക്ഷനിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ വേഗത അല്പം കൂട്ടാൻ ശ്രമിച്ചു. ഒപ്പം താളം കണ്ടെത്താൻ ശ്രമിച്ചു. ബോളിങ്ങിൽ സ്പിൻ കുറയ്ക്കാതെ ഞാൻ പേസ് കൂട്ടി. ഇതെനിക്ക് ഗുണംചെയ്യുന്നുണ്ട്.”- കുൽദീപ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബാറ്റിങ്ങിലും മികച്ച പ്രകടനം തന്നെയാണ് കുൽദീപ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടിയ കുൽദീപ് അശ്വിനുമൊത്ത് ഒരു മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 92 റൺസാണ് കൂട്ടിച്ചേർത്തത്.