2024 ട്വന്റി20 ലോകകപ്പിന് മുൻപേ ഇന്ത്യ വലിയ ചുവടുകൾ വയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് പരമ്പരകളിൽ കാണുന്നത്. സീനിയർ താരങ്ങളെ ട്വന്റി20 പരമ്പരയിൽ നിന്ന് മാറ്റിനിർത്തി ഇന്ത്യ യുവതാരങ്ങളെ കളത്തിൽ ഇറക്കുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിലും രോഹിത്, രാഹുൽ, കോഹ്ലി എന്നിവർ ടീമിലില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത് യുവ താരങ്ങളെ അണിനിരത്തി ഒരു ആക്രമണോത്സുക സമീപനം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം തന്നെയാണ്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സംസാരിക്കുന്നത്.
2024ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ സീനിയർ താരങ്ങൾ കളിക്കില്ല എന്ന് തന്നെയാണ് ഗംഭീർ വിശ്വസിക്കുന്നത്. “വ്യക്തിപരമായി എന്നോട് ചോദിച്ചാൽ ട്വന്റി20 ടീം സെലക്ഷൻ പ്രയാസകരമാണ്. സൂര്യകുമാറിനെയും ഇഷാൻ കിഷാനെയും പോലെയുള്ള കളിക്കാർ ടീമിൽ ഉണ്ടാവണം. ഹർദിക്ക് ഉണ്ടാവണം. അതോടൊപ്പം പൃഥ്വി ഷാ, രാഹുൽ ത്രിപാതി, സഞ്ജു സാംസൺ എന്നിവരെയും ഇന്ത്യ ട്വന്റി20യിൽ പരീക്ഷിക്കണം. ഇവർക്കൊക്കെയും ഭയപ്പാടില്ലാതെ കളിക്കാൻ സാധിക്കും.”- ഗൗതം ഗംഭീർ പറയുന്നു.
“ഇന്ത്യ കളിക്കേണ്ട രീതിയിൽ ട്വന്റി20യിൽ കളിക്കാൻ സാധിക്കുക പുതിയ തലമുറയിലെ കളിക്കാർക്ക് മാത്രമായിരിക്കും. അതിനാൽതന്നെ ഞാൻ കരുതുന്നത് ഈ യുവ കളിക്കാർ കിട്ടിയ അവസരങ്ങൾ വളരെ മികച്ച രീതിയിൽ വിനിയോഗിച്ചാൽ, വിശ്രമം എടുത്തതും ഒഴിവാക്കപ്പെട്ടതുമായ സീനിയർ കളിക്കാർക്ക് ടീമിലേക്ക് തിരിച്ചുവരിക ബുദ്ധിമുട്ടാവും എന്നാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ജനുവരി 3നാണ് ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. ശേഷം ജനുവരി അഞ്ചിനും ഏഴിനും അടുത്ത മത്സരങ്ങൾ നടക്കും. ശേഷം മൂന്ന് ഏകദിനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കളിക്കും.