ഒരു സമയത്ത് വീരേന്ദർ സേവാഗിനോടുപോലും ഉപമിക്കപ്പെട്ട ഇന്ത്യൻ ഓപ്പണറായിരുന്നു പൃഥ്വി ഷാ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ ഷായ്ക്ക് വലിയ രീതിയിൽ ജനപ്രീതി നൽകിയിരുന്നു. ബോളർമാരെ സെറ്റിൽ ചെയ്യാൻ അനുവദിക്കാതെ അടിച്ചുതൂക്കുന്ന ഷാ ഐപിഎല്ലിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. അങ്ങനെയാണ് പൃഥ്വി ഷായ്ക്ക് ഇന്ത്യൻ ടീമിലേക്ക് വിളിവരുന്നത്. വിൻഡീസിനെതിരായ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഷാ ഇന്ത്യയുടെ ഭാവിയാണെന്ന് പലരും വിധിയെഴുതി.
എന്നാൽ ഷായെ ഇന്ത്യ പതിയെ ഒഴിവാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സെപ്റ്റംബറിൽ ന്യൂസിലാൻഡ് A ടീമുമായി നടക്കുന്ന ഇന്ത്യൻ A ടീമിന്റെ സ്ക്വാഡിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും പൃഥ്വി ഷായെപുറത്താക്കിയത് പലർക്കും അത്ഭുതമായിട്ടുണ്ട്. ഇതുവരെ 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഷാ 46.9 റൺസ് ആവറേജിൽ 2769 റൺസാണ് കരിയറിൽ നേടിയിട്ടുള്ളത്.
എന്നാൽ ഷായുടെ ഫിറ്റ്നസ്സിലും മറ്റുകാര്യങ്ങളിലും ബിസിസിഐയ്ക്ക് അസംതൃപ്തിയുള്ളതിനാലാണ് A ടീമിൽ നിന്ന് പുറത്താക്കിയത് എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് രൂക്ഷമായ ചർച്ചകളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായത്. ബിസിസിഐ ഷെൽഡൺ ജാക്സൺ,ഹനുമ വിഹാരി, പൃഥ്വി ഷാ തുടങ്ങിയവരുടെ ഭാവി നശിപ്പിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.
മുമ്പ് ഇന്ത്യയ്ക്കായി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായർക്കും ഇങ്ങനെയുള്ള അവസ്ഥ വന്നിരുന്നു. ഐപിഎൽ പ്രകടനത്തിനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഇത്തരം തീരുമാനങ്ങളെടുക്കാൻ ആണെങ്കിൽ രഞ്ജി ട്രോഫി പോലുള്ള ടൂർണമെന്റുകളുടെ ആവശ്യമെന്തെന്ന് ലിറ്റർ ലോകം ബിസിസിഐയോട് ചോദിക്കുന്നു. എന്തായാലും വരും ദിവസങ്ങളിൽ ഇതും വലിയ ചർച്ചയാകും എന്നുതന്നെ പ്രതീക്ഷിക്കാം.