ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് കപിൽദേവ്. ഇന്ത്യക്കായി 1983ൽ ലോകകപ്പ് സ്വന്തമാക്കിയ ക്യാപ്റ്റൻ കൂടിയാണ് കപിൽ. മുൻപ് തന്റെ ചില പരാമർശങ്ങൾ കൊണ്ട് കപിൽ വിവാദത്തിലും പെട്ടിട്ടുണ്ട്. വീണ്ടും ഒരു വിവാദപരമായ പ്രസ്താവനവുമായി മുൻപിലേക്ക് വന്നിരിക്കുകയാണ് കപിൽദേവ്. ക്രിക്കറ്റർമാർക്ക് മൂന്ന് ഫോർമാറ്റുകളും ട്വന്റി20 ലീഗ്കളും കളിക്കുമ്പോഴുണ്ടാകുന്ന അധികസമ്മർദ്ദത്തെ കുറിച്ചായിരുന്നു കപിൽ കഴിഞ്ഞദിവസം സംസാരിച്ചത്. തങ്ങളുടെ സമയത്ത് ഇത്തരം സമ്മർദ്ദങ്ങളെ തങ്ങൾ ആസ്വദിക്കുകയാണ് ചെയ്തിരുന്നതെന്ന് കപിൽ ദേവ് പറയുന്നു.
“മത്സരം എന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോൾ ഞാൻ ടിവിയിൽ കേൾക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. ആളുകൾ പറയുന്നത് ഐപിഎൽ കളിക്കുന്നതിനാൽ കളിക്കാർക്ക് ഒരുപാട് സമ്മർദ്ദമുണ്ടെന്നാണ്. അങ്ങനെയെങ്കിൽ എനിക്കൊരു കാര്യമേ പറയാനുള്ളൂ. ഐപിഎൽ കളിക്കാതിരിക്കുക. എന്താണ് ഇവർ സമ്മർദ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മൾ ഒരു കാര്യത്തിൽ ആത്മാർത്ഥത കാട്ടിയാൽ പിന്നെ ഈ സമ്മർദം ഉണ്ടാവില്ല.”- കപിൽ ദേവ് പറയുന്നു.
“ഈ സമ്മർദ്ദം എന്ന വാക്ക് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഒരു കർഷകനാണ്. അവിടെ നിന്നാണ് ഞാൻ വന്നത്. ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നത് അത് ആസ്വദിക്കാനായിരുന്നു. അവിടെ ആസ്വാദനം ഉണ്ടായിരുന്നു. ഇത്തരം സമ്മർദ്ദങ്ങളും ഇല്ലായിരുന്നു.”- കപിൽദേവ് കൂട്ടിച്ചേർത്തു. കപിലിന്റെ ഈ പരാമർശത്തിന് മിശ്രിതമായ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
കപിൽദേവ് കളിച്ചിരുന്ന കാലവും നിലവിലെ സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് കപിലിന്റെ ഈ വാദത്തിന് പിന്നിലെ കാരണമെന്നാണ് പലരും പറയുന്നത്. ലോകത്താകമാനം ട്വന്റി20 ലീഗ് ക്രിക്കറ്റുകൾ കൂടിവരുന്ന സമയത്ത് കപിലിന്റെ ഈ വിമർശനങ്ങൾ ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്. എന്തായാലും നിലവിലെ സാഹചര്യങ്ങളിൽ ഇത് സംസാരവിഷയം ആകാൻ സാധ്യതയുണ്ട്.