ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ബാറ്ററാണ് ശ്രേയസ് അയ്യർ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പതറുന്ന സമയത്ത് ക്രീസിലെത്തിയ അയ്യർ 86 റൺസാണ് നേടിയത്. ഇത് ഇന്ത്യയെ വമ്പൻ സ്കോറിലെത്താൻ സഹായിച്ചു. അയ്യരുടെ ഈ ബാറ്റിംഗിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. എം എസ് ധോണിയെ പോലെ, ക്രീസിൽ അത്ര മികച്ചതായി തോന്നില്ലെങ്കിലും റൺസ് കണ്ടെത്തുന്ന ക്രിക്കറ്ററാണ് ശ്രേയസ് അയ്യർ എന്നാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ് പറയുന്നത്.
ശ്രെയസ് അയ്യരുടെ മത്സരത്തിലെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോഴാണ് മുഹമ്മദ് കൈഫ് ഇക്കാര്യം പറഞ്ഞത്. “നമ്മൾ പലപ്പോഴും ധോണിയെപറ്റി സംസാരിക്കാറുണ്ട്. ക്രീസിൽ അദ്ദേഹം അത്ര മികച്ചതായി തോന്നില്ലെങ്കിലും റൺസ് നേടുകയും മത്സരം വിജയിപ്പിക്കുകയും ചെയ്യും. അയ്യരും അതുപോലെയാണ്. എങ്ങനെ റൺസ് കണ്ടെത്തണമെന്ന് അയാൾക്ക് പൂർണമായ ബോധ്യമുണ്ട്. പുൾ ഷോട്ട് കളിക്കുമ്പോൾ അയാൾക്ക് വീക്ക്നെസ്സുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ 2022ൽ നല്ല റെക്കോർഡാണ് അയ്യർക്കുള്ളത്.”-കൈഫ് പറയുന്നു.
“അയ്യർ മികച്ച ഫോമിലാണ്. അയാൾ എല്ലാ മത്സരങ്ങളിലും റൺസ് കണ്ടെത്തുന്നുമുണ്ട്. ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്സിൽ റൺസ് നേടിയത് വലിയ കാര്യം തന്നെയാണ്. അയ്യറുടെ ആ ഇന്നിംഗ്സ് മൂലമാണ് ഇന്ത്യയ്ക്ക് വലിയ ലീഡ് മത്സരത്തിൽ ലഭിച്ചത്. അയാൾ നന്നായി ഡ്രൈവ് ചെയ്യുകയും, ശരീരം ഉപയോഗിക്കുകയും ചെയ്തു. അയ്യരൊരു പൂർണ്ണനായ ബാറ്ററാണ്.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 112ന് 4 എന്ന നിലയിൽ നിൽക്കുമ്പോളായിരുന്നു ശ്രേയസ് അയ്യർ ക്രീസിൽ എത്തിയത്. ശേഷം പൂജാരയോടൊപ്പം ചേർന്ന് 149 റൺസിന്റെ കൂട്ടുകെട്ടാണ് അയ്യർ കെട്ടിപ്പടുത്തത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ഈ കൂട്ടുകെട്ട് മേൽക്കോയ്മ നൽകി.