ലോകകപ്പ് എന്നത് എന്നും അട്ടിമറികൾക്ക് പേരുകേട്ട ടൂർണ്ണമെന്റാണ്. അതിനാൽതന്നെ ചെറിയ ടീമുകളെ പോലും ലോകകപ്പിൽ പേടിച്ചേ മതിയാകൂ. ലോകകപ്പിന്റെ മിക്കവാറും എഡിഷനുകളിലും വമ്പൻ അട്ടിമറികൾ നടത്താറുള്ള ടീമാണ് അയർലൻഡ്. റാങ്കിങ്ങിൽ കുഞ്ഞന്മാർ എന്ന് തോന്നുമെങ്കിലും അയർലൻഡ് തങ്ങളുടെ ശക്തി പലപ്പോഴായി കാട്ടിയിട്ടുണ്ട്. 2022 ലോകകപ്പിലും അങ്ങനെ ഒരു അട്ടിമറിയിലൂടെ വീണ്ടും കരുത്ത് കാട്ടിയിരിക്കുകയാണ് അയർലൻഡ് ടീം. കരുത്തരായ ഇംഗ്ലണ്ടിനെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിനാണ് അയർലൻഡ് മത്സരത്തിൽ പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ അയർലണ്ടിന് ഒരു കിടുക്കൻ തുടക്കമാണ് ക്യാപ്റ്റൻ ബാൽബർണി നൽകിയത്. ഇംഗ്ലണ്ടിന്റെ ബോളർമാരെ നാലുപാടും അടിച്ചുതൂക്കിയ ബാൽബർണി 47 പന്തുകളിൽ 62 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിങ്സിൽ അഞ്ചു ബൗണ്ടറുകളും രണ്ട് സിക്സറുമായിരുന്നു ഉൾപ്പെട്ടത്. അയർലണ്ടിന്റെ മധ്യനിരയ്ക്ക് എന്നാൽ ഈ തുടക്കം മുതലാക്കാൻ സാധിച്ചില്ല. ഹാരി ടെക്ടറും ഡോക്റലുമെല്ലാം പൂജ്യരായി മടങ്ങിയപ്പോൾ അയർലൻഡ് 157 റൺസിൽ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ അടിവേര് പിഴുതായിരുന്നു അയർലൻഡ് ബോളർ ജോഷ്വാ ലിറ്റിൽ ആരംഭിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറിനെ ലിറ്റിൽ പൂജ്യനാക്കി മടക്കി. അലക്സ് ഹെയ്ൽസും വലിയ താമസമില്ലാതെ കൂടാരം കയറി. ഇതോടെ ഇംഗ്ലണ്ട് പതറി. ഡേവിഡ് മലാൻ റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്കോറിങ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അങ്ങനെ ഇംഗ്ലണ്ടിന്റെ ആദ്യ 5 വിക്കറ്റ് അയർലൻഡ് വീഴ്ത്തി. ഈ സമയത്തായിരുന്നു മഴ മത്സരത്തിൽ അതിഥിയായി എത്തിയത്.
മഴയെത്തിയ സമയത്ത് ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് അയർലണ്ടിനേക്കാൾ അഞ്ച് റൺസിന് പിന്നിലായിരുന്നു. ശേഷം മഴ തോരാതെ വന്ന സാഹചര്യത്തിൽ അയർലൻഡ് മത്സരത്തിൽ വിജയികളായി മാറി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു പരാജയം തന്നെയാണ് ഇത്. അയർലണ്ടിനെ സംബന്ധിച്ച് തങ്ങളുടെ അക്കൗണ്ടിൽ മറ്റൊരു അട്ടിമറിയും.