ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0നായിരുന്നു ഇന്ത്യ വിജയിച്ചത്. എന്നിരുന്നാലും രണ്ട് ടെസ്റ്റുകളിലെയും ഇന്ത്യയുടെ വിജയങ്ങൾ അത്ര ആധികാരികമായിരുന്നില്ല എന്നത് വസ്തുത തന്നെയാണ്. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യ കുറച്ചധികം പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട് എന്നാണ് ഇന്ത്യൻ താരം സാബാ കരീം പറയുന്നത്. ഓസ്ട്രേലിയക്കെതിരെ അടുത്ത ടെസ്റ്റിന് ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കരീം പറയുന്നു.
“ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ഒരു വേക്കപ്പ് കോളാണ്. ടെസ്റ്റ് മാച്ചിലെ നമ്മുടെ പ്രശ്‌നങ്ങൾ കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇനി നമുക്ക് വരാനുള്ളത് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. നമ്മൾ പലപ്പോഴും സംസാരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിനെപറ്റിയാണ്. എന്നാൽ നമ്മൾ അതിൽ ജേതാക്കളാവാനാണ് ശ്രമിക്കേണ്ടത്. ഇനിയും പിഴവുകൾ ആവർത്തിച്ചുകൂട.”- സാബാ കരീം പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ബാറ്റർമാരുടെ സ്പിന്നർമാർക്കെതിരായ സമീപനത്തിലും മാറ്റം ആവശ്യമാണ് എന്നും കരീം പറയുകയുണ്ടായി. “ഇന്ത്യൻ ബാറ്റന്മാർക്ക് സ്പിന്നർമാരുടെ ലെങ്ത് കണ്ടെത്താൻ സാധിക്കുന്നില്ല. നമ്മുടെ പ്രതിരോധ സമീപനം ശക്തമല്ല. ബാറ്റർമാർ സ്പിന്നർമാർക്കെതിരായ ബാറ്റിംഗിൽ കുറച്ചുകൂടി ശ്രദ്ധിക്കണം.”- കരീം കൂട്ടിച്ചേർക്കുന്നു.
“ഇത്തരം മേഖലകളിൽ പുരോഗമനം ആവശ്യമാണ്. മെഹതി ഹസനെതിരെ മോശമായാണ് ഇന്ത്യ കളിച്ചത്. ഞൊടിയിടയിൽ നമുക്ക് 7 വിക്കറ്റുകൾ നഷ്ടമായി. ഇത്തരം അവസരങ്ങൾ ഓസ്ട്രേലിയയിൽ നിന്ന് പ്രതീക്ഷിക്കരുത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഓസ്ട്രേലിയക്കെതിരെ വെല്ലുവിളി ഉയർത്താൻ സാധിക്കും. നിർണായകമായ പരമ്പര സ്വന്തമാക്കാനും സാധിക്കും.”- കരീം പറഞ്ഞുവയ്ക്കുന്നു. ഫെബ്രുവരി-മാർച്ച് മാസത്തിലാണ് നാലു ടെസ്റ്റുകൾ അടങ്ങുന്ന ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നടക്കുന്നത്.