ഏഷ്യാകപ്പ് മുതൽ ഇങ്ങോട്ടുള്ള ഇന്ത്യയുടെ മത്സരങ്ങളെടുത്തു പരിശോധിച്ചാൽ ഡെത്ത് ഓവർ ബോളിംഗ് എന്നത് വലിയ പ്രശ്നമായി തന്നെ നിൽക്കുന്നു. അവസാന ഓവറുകൾ ലെങ്തും ലൈനും മറക്കുന്ന ഒരു ഇന്ത്യൻ ബോളിംഗ് നിരയെയാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കണ്ടത്. ലോകകപ്പിലേക്ക് വരുമ്പോൾ ബോളിങ് പ്രശ്നങ്ങൾ ഇന്ത്യയെ ദോഷമായി ബാധിക്കുമെന്ന് പല മുൻ ക്രിക്കറ്റർമാരും വിലയിരുത്തുകയുണ്ടായി.
കഴിഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങളിലും ഇതാണ് പ്രതിഫലിക്കുന്നതെന്ന് മുൻ പാക് താരം സൽമാൻ ബട്ട് പറയുന്നു. ഇന്ത്യയുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ കഴിഞ്ഞ മത്സരങ്ങളിൽ വിജയിപ്പിച്ചത് എന്നും എപ്പോഴുമിത് സാധ്യമാകില്ലെന്നും ബട്ട് കൂട്ടിച്ചേർക്കുന്നു. ഗുവാഹത്തിയിൽ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബോളർമാർ അവസാന ഓവറുകളിൽ തല്ലു വാങ്ങിയിരുന്നു. 237 എന്ന വമ്പൻ ലക്ഷ്യം കെട്ടിപ്പടുത്തിട്ടും 16 റൺസിന് മാത്രമാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാനായത്. ഇന്ത്യയുടെ ബോളിങ് അവസ്ഥയെക്കുറിച്ച് ബട്ട് വാചാലനാകുന്നതിന് കാരണമിതാണ്.
“ബാറ്റിംഗിൽ ഒരുപാട് റൺസ് നേടിയില്ലെങ്കിൽ ഇന്ത്യ മത്സരത്തിൽ പരാജയപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ത്യക്ക് ബോളിങ്ങിൽ പല പ്രശ്നങ്ങളും നിലനിൽക്കുന്നു. തുടക്കത്തിൽ അവർ നന്നായി ബോൾ ചെയ്യുന്നുണ്ട്. ആദ്യ മൂന്ന് നാല് ഓവറുകളിൽ കൃത്യമായ ലൈനിലും ലെങ്തിലും ബോൾ ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ ബാറ്റർമാർ അടിച്ചുതുടങ്ങുമ്പോൾ അവർ കളി മറക്കുന്നു. അതിനാൽതന്നെ ഡെത്ത് ബോളിംഗ് ഇപ്പോഴും ഇന്ത്യയുടെ അപകടമേഖല തന്നെയാണ്.”- ബട്ട് പറയുന്നു.
“ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ബോളിംഗ് ഇതുപോലെയാവില്ല, അവിടെ വലിയ ഗ്രൗണ്ടുകളാണുള്ളത് എന്നൊക്കെ പലരും പറയുന്നത് കേട്ടു. ബാറ്റർമാർക്കും ഇതൊക്കെ ഉപയോഗിക്കാനാവും. ഇത്തരം മോശം ബോളിംഗ് ഇന്ത്യൻ ബാറ്റർമാർക്ക് വലിയ സമ്മർദം ഉണ്ടാക്കുന്നുണ്ട്. എപ്പോഴും വമ്പൻ സ്കോർ നേടാനാവില്ലല്ലോ”- ബട്ട് കൂട്ടിച്ചേർക്കുന്നു. രണ്ടാം ട്വന്റി20യിൽ അർഷദീപും ഹർഷൽ പട്ടേലും നന്നായി തല്ലു വാങ്ങിയിരുന്നു. ദീപക് ചാഹർ മാത്രമാണ് അല്പം ഭേദമായ രീതിയിൽ ബോൾ ചെയ്തത്. ഇത്തരം ബോളിംഗ് ഇന്ത്യയ്ക്ക് ഗുണംചെയ്യില്ല എന്നതുറപ്പാണ്.