ഇന്ത്യയ്ക്ക് ആവശ്യം ധോണിയെയും ഗാംഗുലിയെയും പോലൊരു ക്യാപ്റ്റൻ!! ഷാഹിദ് അഫ്രീദി പറയുന്നു!!

   

2021 ലോകകപ്പിൽ ഇന്ന് ഇന്ത്യ പുറത്തായതിനു ശേഷം ഏറ്റവുമധികം പഴികേട്ടത് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയായിരുന്നു. ഇത്തവണ ആ നിർഭാഗ്യം വന്നുചേർന്നിരിക്കുന്നത് രോഹിത് ശർമയ്ക്കാണ്. പല മത്സരങ്ങളിലും രോഹിത്തെടുത്ത തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. പലരും രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനവുമായി ക്യാപ്റ്റൻസിയെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യം ധോണിയെയും സൗരവ് ഗാംഗുലിയേയും പോലെ ഒരു ക്യാപ്റ്റനെയാണ് എന്നാണ് ഷാഹിദ് അഫ്രീദി പറയുന്നത്.

   

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ പാക്ക് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “ചില കാര്യങ്ങൾ നമ്മൾ വിജയിക്കുമ്പോൾ മറന്നു കളയും. എന്നാൽ ഇന്ത്യ തോൽവിയറിഞ്ഞതോടെ വിമർശനങ്ങൾ ഉയർന്നുവരും. ഇന്ത്യൻ ടീമിനെ ശ്രദ്ധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ധോണിയ്ക്കും ഗാംഗുലിക്കും ശേഷം അവർക്ക് ഒരു നായകനെ വേണം. ടീമിനെ മുമ്പിൽ നിന്നും നയിക്കാൻ പ്രാപ്തിയുള്ള ഒരാൾ ആവണം. ധോണിക്ക് ശേഷം ഇന്ത്യ വിരാടിനെ പരീക്ഷിച്ചു. എന്നാൽ മികച്ച ഫലം ലഭിച്ചില്ല. ഇപ്പോൾ രോഹിത്തിൽ നിന്നും ഉറച്ച പ്രകടനങ്ങൾ ഉണ്ടാകുന്നില്ല.”- അഫ്രീദി പറഞ്ഞു.

   

ഇതോടൊപ്പം വലിയ ടൂർണമെന്റുകളിലെ പരാജയം ഒരുപാട് വിഷമതകൾ സൃഷ്ടിക്കുമെന്നും അഫ്രീദി പറയുകയുണ്ടായി. “മത്സരങ്ങളിൽ ഒരു നായകന്റെ റോൾ വളരെയേറെ പ്രാധാന്യമുള്ളതാണ്. ഐപിഎൽ പോലെയുള്ള ടൂർണമെന്റുകൾ കളിച്ചിട്ടും ഇന്ത്യയ്ക്ക് മികച്ച ടീം കെട്ടിപ്പൊക്കാൻ സാധിക്കാത്തതും നിർഭാഗ്യകരമാണ്. തങ്ങൾക്ക് പറ്റിയ പിഴവുകൾ ബോർഡ് കണ്ടെത്തണം. ഇത്തരം വലിയ ടൂർണമെന്റുകളിലെ പരാജയം ഒരുപാട് വിഷമതകൾ സമ്മാനിക്കും.”- അഫ്രീദി കൂട്ടിച്ചേർത്തു.

   

2022 ഏഷ്യകപ്പിലെ ഇന്ത്യയുടെ പരാജയവും ഒരുപാട് ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടൂർണമെന്റിന്റെ സൂപ്പർ നാല് ഘട്ടത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്. 2022 ലോകകപ്പിൽ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *