ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യൻ ബാറ്റിംഗ് തകരുന്നതാണ് കണ്ടത്. രണ്ടാം ഇന്നിങ്സിൽ 145 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ നാല് വിക്കറ്റുകൾ ഞൊടിയിടയിൽ തന്നെ നഷ്ടമായി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ 45 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ . ഇന്ത്യയുടെ ബാറ്റിംഗ് സമീപനത്തിൽ ഉണ്ടായ പാളിച്ചയാണ് ഇത്തരമൊരു തകർച്ചയ്ക്ക് കാരണമായത് എന്നാണ് ഇന്ത്യൻ ക്രിക്കറ്റർ സാബാ കരീം പറയുന്നത്.
ഇതിൽ പ്രധാന ഉദാഹരണമായി സാബാ കരീം പറയുന്നത് ഓപ്പണർ ശുഭമാൻ ഗില്ലിന്റെ സമീപനമാണ്. “ഇപ്പോൾ ഇന്ത്യ അനുഭവിക്കുന്ന പ്രയാസകരമായ അവസ്ഥയ്ക്ക് കാരണം ഇന്ത്യ തന്നെയാണ്. നമുക്കാവശ്യം ഇത്തരത്തിലുള്ള സമീപനമല്ല. ഗിൽ കളിച്ച രീതി വച്ച് അയാൾക്ക് ക്രീസിന് പുറത്തിറങ്ങി അനായാസം ഷോട്ടുകൾ കളിക്കാൻ സാധിക്കും. എന്നാൽ ഇന്ന് അയാൾ ക്രീസിന് പുറത്തിറങ്ങി ബോളുകളെ പ്രതിരോധിക്കുകയായിരുന്നു.”- സാബാ കരീം പറയുന്നു.
“ഗില്ലിന് ഷോട്ട് കളിക്കുന്നതിനുള്ള ഒരു തരത്തിലുമുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഇതിനുമുൻപ് അയാൾ കളിച്ച ഇന്നിംഗ്സുകളിലൊക്കെ ക്രീസിന് വെളിയിലിറങ്ങി ഡ്രൈവ് ചെയ്യുന്നത് നമുക്ക് കാണാമായിരുന്നു. അങ്ങനെയെങ്കിൽ നമുക്ക് സിംഗിളുകൾ ലഭിച്ചേനെ. ബൗണ്ടറികളും നേടാൻ സാധിച്ചേനെ.”-സാബാ കരീം കൂട്ടിച്ചേർക്കുന്നു.
ഇന്നിംഗ്സിൽ 35 പന്തുകൾ നേരിട്ട ശുഭമാൻ ഗിൽ 7 റൺസ് മാത്രമായിരുന്നു നേടിയത്. ചെതേശ്വർ പൂജാരയും ക്രീസിന് പുറത്തിറങ്ങിയശേഷം കീപ്പർ സ്റ്റമ്പ് ചെയ്യുകയായിരുന്നു. എന്തായാലും വരും ദിവസങ്ങളിലും ഇന്ത്യയുടെ സമീപനീതി ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്.