ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് ഏറ്റ തിരിച്ചടികളിൽ രണ്ടാമത്തേതാണ് ജസ്പ്രിറ്റ് ബുംറയുടെ പരിക്ക്. നേരത്തെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും പരിക്ക് പറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ വലിയ പ്രതിസന്ധിയിൽ തന്നെയാണ്. ലോകകപ്പിൽ ഇന്ത്യയ്ക്ക് നിർണായകമാകും എന്ന് കരുതിയിരുന്ന ക്രിക്കറ്റർ തന്നെയായിരുന്നു ജസ്പ്രീത് ബുംറ. അതിനാൽതന്നെ ഈ പരിക്ക് ഇന്ത്യൻ ബോളിംഗിനെ പൂർണമായും ബാധിച്ചേക്കും. കഴിഞ്ഞദിവസം ഒരു ബിസിസിഐ ഒഫീഷ്യലാണ് ജസ്പ്രീത് ബുംറ ലോകകപ്പിനുണ്ടാവില്ല എന്ന കാര്യത്തിൽ ഉറപ്പുവരുത്തിയത്.
“ബുമ്ര ട്വന്റി20 ലോകകപ്പ് കളിക്കില്ല എന്ന കാര്യം ഉറപ്പാണ്. കാരണം അയാളുടെ കണ്ടീഷൻ വളരെ മോശമാണ്. അതിനാൽ തന്നെ ആറുമാസത്തോളം അയാൾക്ക് മാറി നിൽക്കേണ്ടിവരും.”- ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു. അതിനുശേഷം നിരാശാജനകമായ പ്രതികരണമാണ് പലയിടത്തുനിന്നും ഉണ്ടാകുന്നത്. നിലവിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇന്ത്യൻ ഡെത്ത് ബോളിംഗ് വിഭാഗം നേരിടുന്നതിനാൽ തന്നെ ബുംറയുടെ പരിക്ക് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. ഇന്ത്യ ഇത്തവണ ലോകകപ്പ് നേടില്ല എന്നുപോലും പലരും ഇതിനോടകംതന്നെ വിധിയെഴുതി. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില ട്വീറ്റുകൾ ഇന്ത്യൻ ടീമിന് ഊർജ്ജം പകരുന്നതായിരുന്നു.
“നമ്മൾ ശ്രീശാന്തിനെയും ആർ പി സിങ്ങിനെയും ഇർഫാൻ പത്താനെയും കൊണ്ടുപോയി ലോകകപ്പ് നേടിയ ടീമാണ്. ബുംറ തീർച്ചയായും ഒരു വലിയ നഷ്ടം തന്നെയാണ്.എന്നാൽ പ്രതീക്ഷയോടെ തന്നെ പോകൂ. ഒരു പുതിയ ഹീറോ ഇന്ത്യക്കായി ജനിക്കും.”- ട്വിറ്ററിൽ വന്ന ഒരു കുറിപ്പാണിത്. ചില ഉപഭോക്താക്കൾ ഈ വാർത്തയെ ഐപിഎല്ലും ഇന്ത്യയുടെ ടൈറ്റ് ഷെഡ്യുളുമായി ബന്ധിപ്പിക്കുന്നുണ്ട്. ഐപിഎല്ലിന് അമിതമായ പ്രാധാന്യം നൽകുന്നതാണ് ഇത്തരം പരിക്കുകൾ ഉണ്ടാകാനുള്ള കാരണം എന്നാണ് ചിലരുടെ പക്ഷം.
പരിക്കുമൂലം ഏഷ്യാകപ്പിൽ നിന്നും മുൻപ് ബുമ്ര വിട്ടുനിന്നിരുന്നു. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടും മൂന്നും ട്വന്റി20കൾ മാത്രമാണ് ബുമ്രയ്ക്ക് കളിക്കാനായത്. നിലവിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ബുമ്രയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ടീമിൽ എത്തിച്ചിട്ടുണ്ട്.