ക്രിക്കറ്റിൽ ഏറ്റവും ഭംഗിയേറിയ ഫോർമാറ്റാണ് ടെസ്റ്റ്. പലപ്പോഴും നിശ്ചിത ഓവർ ക്രിക്കറ്റിനേക്കാളും പ്രാധാന്യം ടെസ്റ്റ് ക്രിക്കറ്റിന് ലഭിക്കാറുണ്ട്. പതിഞ്ഞ താളത്തിൽ പ്രതിരോധകരമായി പോകുന്ന ടെസ്റ്റ് ക്രിക്കറ്റിന് ലോകത്താകമാനം ആരാധകരുമുണ്ട്. എന്നാൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ വന്നപ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെയും ശൈലിയും മാറി. പ്രതിരോധത്തിൽ നിന്നും പല ബാറ്റർമാരും ആക്രമണത്തിലേക്ക് വരികയുണ്ടായി. എന്നാൽ ടെസ്റ്റ് മത്സരങ്ങളിൽ സമ്മർദ്ദ സാഹചര്യങ്ങളിൽ പരമ്പരാഗത പ്രതിരോധരീതി പിന്തുടരുന്നതാണ് ഉത്തമമെന്നാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ പറയുന്നത്.
“നമുക്ക് സമ്മർദ്ദമേറിയ സാഹചര്യങ്ങളിലേക്ക് കടന്നു ചെല്ലാൻ വളരെ എളുപ്പമാണ്. മാത്രമല്ല ഇപ്പോഴത്തെ ക്രിക്കറ്റിൽ വമ്പൻ ഷോട്ടുകൾക് ശ്രമിക്കുകയും ചെയ്യാം. എന്നാൽ അങ്ങനെ ആക്രമണപരമായി കളിക്കുന്നത് ഉത്തമമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം രണ്ട് ബോളർമാർ നമ്മളിൽ സമ്മർദ്ദം ഉണ്ടാക്കുമ്പോൾ പ്രതിരോധം തന്നെയാണ് നല്ലത്. വലിയ ഷോട്ടുകൾ കളിക്കുമ്പോൾ നന്നായി തോന്നും. കാരണം ആളുകൾക്ക് ആവശ്യം വിനോദമാണ്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ സമ്മർദ്ദ സാഹചര്യങ്ങളിൽ കളിക്കേണ്ടത് പ്രതിരോധപരമായ രീതിയിൽ തന്നെയാണ്.”- അശ്വിൻ പറഞ്ഞു.
“ഞാൻ മുമ്പത്തേക്കാളും കുറച്ചധികം ഷോട്ടുകൾ ഇപ്പോൾ കളിക്കുന്നുണ്ട്. ഫീൽഡർമാരുടെ മുകളിലൂടെ ബോൾ അടിച്ചുകറ്റുന്നതിൽ ആത്മവിശ്വാസവുമുണ്ട്. ഞാൻ എന്റെ ബാക്ക്ലിഫ്റ്റിലും പവർഹീറ്റിങ്ങിലും കൂടുതൽ ശ്രദ്ധിക്കുന്നു. അതിനാൽതന്നെ ആത്മവിശ്വാസം എന്നിലുണ്ട്. ഞാൻ നല്ല ബാറ്റിംഗ് കഴിവുള്ള ക്രിക്കറ്റർ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശിനെതരായ അവസാന മത്സരത്തിൽ അശ്വിന്റെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊത്ത് 71 റൺസിന്റെ കൂട്ടുകെട്ട് അശ്വിൻ കെട്ടിപ്പൊക്കുകയുണ്ടായി. ഇന്നിങ്സിൽ 62 പന്തുകളിൽ നിന്ന് 42 റൺസായിരുന്നു അശ്വിൻ നേടിയത്.