ഇന്ത്യയുടെ കഴിഞ്ഞ രണ്ട് പരമ്പരകളിലും ഒരുപാട് പോസിറ്റീവുകൾ എടുത്തുകാട്ടാൻ സാധിക്കുന്നുണ്ട്. വിരാട് കോഹ്ലി ഫോം തുടരുന്നതും, സൂര്യകുമാറിന്റെ വെടിക്കെട്ടുമൊക്കെ കഴിഞ്ഞ പരമ്പരകളിലെ ഇന്ത്യയുടെ പോസിറ്റീവുകളാണ്. എന്നാൽ ഇവയിലും പ്രധാനമായ ഒന്നാണ് കെഎൽ രാഹുലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് എന്നാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ പറയുന്നത്. 2022 ഏഷ്യാകപ്പിനുശേഷം 4 അർധസെഞ്ചുറികൾ ഇതുവരെ രാഹുൽ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് പാർഥിവ് പട്ടേലിന്റെ പക്ഷം.
2022ലെ ഇന്ത്യയുടെ ഭൂരിപക്ഷം മത്സരങ്ങളും വ്യത്യസ്തമായ പരിക്കുകളും കോവിഡ് 19 ഉം കാരണം രാഹുലിന് നഷ്ടമായിരുന്നു. തിരിച്ചുവന്ന ആദ്യ മത്സരങ്ങളിലും മികച്ച രീതിയിൽ സ്കോർ ചെയ്യാൻ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാൽ പതിയെ രാഹുൽ തന്റെ താളത്തിലേക്ക് തിരിച്ചു വരുന്നതാണ് മത്സരങ്ങളിൽ കണ്ടത്. ഇതിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20യിലെ രാഹുലിന്റെ ഇന്നിങ്സാണ് പാർഥിവ് പട്ടേലിനെ വളരെയധികം ആകർഷിച്ചത്.
“കെ എൽ രാഹുലിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പോസിറ്റീവ് തന്നെയാണ്. തിരുവനന്തപുരത്തെ ദുർഘടമായ പിച്ചിൽ രാഹുലിന്റെ ഇന്നിംഗ്സ് വളരെ പ്രശംസനീയം തന്നെയാണ്. ഇത്തരം ട്രിക്കി പിച്ചുകളിൽ ബാറ്റ് ചെയ്യാനുള്ള രാഹുലിന്റെ കഴിവാണ് ആ ഇന്നിംഗ്സിലൂടെ നമുക്ക് വ്യക്തമായത്. എനിക്ക് തോന്നുന്നത് വലിയ ഇന്നിങ്സുകൾ കളിക്കാൻ അത്തരം പ്രകടനങ്ങൾ ഒരുപാട് ആത്മവിശ്വാസം നൽകുമെന്നാണ്.”- പാർഥിവ് പട്ടേൽ പറയുന്നു.
ഒന്നാം ട്വന്റി20യിൽ 208 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി സംയമനപൂർവമുള്ള ബാറ്റിംഗ് പ്രകടനമായിരുന്നു കെ എൽ രാഹുൽ കാഴ്ചവച്ചത്. 56 പന്തുകൾ നേരിട്ട് 51 റൺസാണ് രാഹുൽ തിരുവനന്തപുരത്ത് നേടിയത്. ഈ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയം കണ്ടിരുന്നു.