19ആം ഓവർ എറിയേണ്ടത് ഭൂവിയും അർഷദീപും ഹർഷലുമല്ല ഇവനാണ്!! ആകാശ് ചോപ്ര

   

ഇന്ത്യൻ ടീമിനെ കുറച്ചധികം കാലമായി അലട്ടുന്ന പ്രശ്നമാണ് ഡെത്ത് ബോളിംഗ്. മത്സരത്തിന്റെ അവസാന അഞ്ച് ഓവറുകളിൽ ഒരുപാട് റൺസ് വഴങ്ങുന്നത് ഇന്ത്യൻ ടീമിനെ പല മത്സരങ്ങളിലും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ നിര ബൗളറായ ഭുവനേശ്വർ കുമാറാണ് പത്തൊമ്പതാമത്തെ ഓവറിൽ സാധാരണ തല്ലുകൊള്ളുന്ന ബോളർ. പ്രസ്തുത ഓവറിൽ കൃത്യമായി ലൈനും ലെങ്തും കണ്ടെത്തുന്നതിൽ ഭുവനേശ്വർ കുമാർ പരാജയപ്പെടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഇതിനൊരു പരിഹാരം നിശ്ചയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര.

   

രോഹിത് ശർമയ്ക്ക് പത്തൊമ്പതാം എറിയിക്കാൻ പറ്റിയ ഒരു ഓപ്ഷനാണ് സീം ബോളർ ദീപക് ചാഹർ എന്ന് ആകാശ് ചോപ്ര പറയുന്നു. ന്യൂബോളിൽ മികച്ച പ്രകടനങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കാഴ്ചവെക്കുന്ന ബോളറാണ് ദീപക് ചാഹർ. എന്നാൽ ഡെത്ത് ഓവറുകളിൽ ചാഹർ അധികം ബോൾ ചെയ്തിട്ടില്ല. പക്ഷേ ചാഹറിനെ 19ആം ഓവർ ഏൽപ്പിക്കുന്നത് ഇന്ത്യക്ക് ഗുണമുണ്ടാക്കും എന്നാണ് ചോപ്ര പറയുന്നത്.

   

“പത്തൊമ്പതാം ഓവർ എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു വലിയ തലവേദന തന്നെയായി മാറിയിട്ടുണ്ട്. ഞാൻ പറയുകയാണെങ്കിൽ 19ആം ഓവർ എറിയാൻ പറ്റിയ ബോളർ ദീപക് ചാഹറാണ്. അദ്ദേഹത്തിന് ഒരു അവസരം നൽകണം. ഒരുപക്ഷേ ആ ഓവർ നന്നായി ബോൾ ചെയ്യാൻ അയാൾക്ക് സാധിച്ചേക്കും.”- ചോപ്ര പറയുന്നു. ഇതോടൊപ്പം ബുമ്രയ്ക്ക് പകരക്കാരായി 2 ബോളർമാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെന്നും ചോപ്ര പറയുന്നുണ്ട്.

   

“നിലവിൽ ബുമ്ര ഔദ്യോഗികമായി ടീമിന് പുറത്തായിട്ടുണ്ട്. എന്നെ സംബന്ധിച്ച് ബുമ്രയ്ക്ക് പകരം രണ്ട് ബോളർമാരെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തണം. അത് ഗുണംചെയ്യും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു. നിലവിൽ 2022 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ റിസർവ് കളിക്കാരനാണ് ദീപക് ചാഹർ.

Leave a Reply

Your email address will not be published. Required fields are marked *