“പൃഥ്വി ഷാ വിരമിച്ചോ?” ബിസിസിഐയ്ക്കെതിരെ പ്രതിഷേധം. മികച്ച പ്രകടനങ്ങൾക്ക് പുല്ലുവില

   

ഇന്ത്യൻ സെലക്ടർമാരുടെ മോശം തീരുമാനങ്ങൾ മൂലം പല മത്സരങ്ങളിലും അവസരം ലഭിക്കാതെ പോയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ. സഞ്ജുവിന്റെ അത്ര ഭാഗ്യംകെട്ട മറ്റൊരു ക്രിക്കറ്ററില്ല എന്നതായിരുന്നു ഇതുവരെ എല്ലാവരും മനസ്സിലാക്കിയിരുന്നത്. എന്നാൽ സഞ്ജുവിന്റെതിനോട് ഏകദേശം സാമ്യമുള്ള സാഹചര്യമാണ് പൃഥ്വി ഷായ്ക്ക് വന്നിരിക്കുന്നത്. ആഭ്യന്തരക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിൽ വമ്പൻ പ്രകടനമായിരുന്നു പൃഥ്വി ഷാ കാഴ്ചവച്ചിരുന്നത്. പക്ഷേ എന്നിട്ടും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തിയിട്ടില്ല.

   

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരക്കുള്ള 16 അംഗങ്ങളുടെ പേര് വെളിപ്പെടുത്തിയത്. ഇതിൽ പൃഥ്വി ഷായുടെ പേരില്ലാത്തത് വളരെ അത്ഭുതം തന്നെയാണ്. ആഭ്യന്തര മത്സരങ്ങളിലും ലിസ്റ്റ് എ മത്സരങ്ങളിലും മികച്ച ഫോമിൽ തന്നെയായിരുന്നു പൃഥ്വി ഷാ കളിച്ചിരുന്നത്. ദുലീപ് ട്രോഫിയിൽ രണ്ടു മത്സരങ്ങളിൽ നിന്നും 315 റൺസ് പൃഥ്വി ഷാ നേടിയിരുന്നു. 105 റൺസായിരുന്നു ഷായുടെ ശരാശരി. ഇതോടൊപ്പം ഇന്ത്യ എയുടെ ന്യൂസിലൻഡ് ടീമിനെതിരായ പരമ്പരയിലും പൃഥ്വി ഷാ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ നിന്നായി 94 റൺസ് ഷാ നേടുകയുണ്ടായി.

   

ഇക്കാരണങ്ങൾ കൊണ്ടുതന്നെയും പൃഥ്വി ഷായെ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലടക്കം ഇത് ചർച്ചയാവുകയും ചെയ്തു. ആഭ്യന്തരക്രിക്കറ്റിൽ ഈ വർഷം മോശം പ്രകടനം കാഴ്ചവച്ച റുതുരാജിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുകയും, മികച്ച പ്രകടനം നടത്തിയ പൃഥ്വി ഷായെ പുറത്താക്കുകയും ചെയ്തതിലെ മാനദണ്ഡമാണ് ആരാധകർ ചോദിക്കുന്നത്.

   

പൃഥ്വി ഷാ ക്രിക്കറ്റിൽനിന്ന് വിരമിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അലയടിക്കുകയാണ്. എന്തായാലും പ്രകടനങ്ങൾ കണക്കിലെടുക്കാതെയുള്ള ഇത്തരം ടീം സെലക്ഷനുകൾ ഇന്ത്യൻ ക്രിക്കറ്റിനെ ദോഷമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുൻപ് പലപ്പോഴും സഞ്ജുവിന്റെ കാര്യത്തിലും സെലെക്ഷൻ കമ്മിറ്റി ഇത്തരം രീതികൾ പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *